തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്കു കേരളത്തിൽ തുടക്കമായി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി. ഡി. സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണു സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census. gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു.
2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. ടി. മിത്ര, ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി, ജില്ലാ കളക്ടർ അനു കുമാരി സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.
ഇന്നാരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സ്വയം നൽകുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.
Tags : Census 2027 Self-enumeration Kerala