കൊച്ചി: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ഇനിയും പൂര്‍ത്തിയായില്ല. യൂണിഫോമിനുള്ള തുണി ലഭിക്കുന്നതിലും തയ്യല്‍ നടപടികള്‍ പൂര്ത്തിയാകുന്നതിലുമുള്ള കാലതാമസമാണ് പ്രധാന കാരണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ട് തലങ്ങളായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്കും എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലും സൗജന്യമായി കൈത്തറി യൂണിഫോം തുണി നല്കുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയും അഞ്ചു മുതല്‍ ഏഴു വരെയും , ഒന്നു മുതല്‍ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും യൂണിഫോം അലവന്‍സ് നല്കുന്നു. അതേസമയം ഈ അധ്യയന വര്‍ഷം യൂണിഫോം അലവന്‍സ് ലഭിക്കേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവര ശേഖരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച നടപടി ആരംഭിച്ചിട്ടുമുണ്ട്.
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ യൂണിഫോം ലഭിക്കാത്തത് കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്കൂള്‍ അന്തരീക്ഷത്തിലെ സമത്വബോധത്തെയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്കൂള്‍ യൂണിഫോമിനുള്ള തുണി പല തവണകളായാണ് ലഭിക്കുന്നതെന്നാണ് അധ്യാപകരുടെ പരാതി. പഠനസമയം നഷ്ടപ്പെടുത്തിയാണ് പ്രധാനാധ്യാപകര്‍ തുണിയെടുക്കാന്‍ ദൂരസ്ഥലത്തുള്ള വിതരണ കേന്ദ്രത്തില്‍ പോകുന്നത്. മുന്‍വര്‍ഷങ്ങളിലും ഈ ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് അധ്യാപകര്‍ പറയുന്നു.
Tags : school Uniform distribution Kerala