തൃശൂർ: സംസ്ഥാനത്തു ചെറിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തിനു മൂന്നാം ടേം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും വൻ പരാജയമുണ്ടാകുമെന്നു സംസ്ഥാന സെക്രട്ടേറിയറ്റിനോ കമ്മിറ്റിക്കോ മനസിലാക്കാനായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഇഎംഎസ് സ്മൃതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടിൽനിന്നു ലഭിച്ച കണക്കിൽ 74 മുതൽ 80 സീറ്റ് വരെ നേടുമെന്ന ആത്മവിശ്വാസമായിരുന്നു. കേരളത്തിന്റെ പൊതുവികാരം അതായിരുന്നെന്നു കരുതിയതു തെറ്റി. സർക്കാരിനു ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല എന്ന മിഥ്യാബോധം ജനങ്ങൾക്കിടയിൽ ഉണ്ടായി. നമ്മുടെ പരിമിതി എന്തെന്നു ജനത്തെ ബോധ്യമാക്കാനും പൊതുബോധമാക്കാനും കഴിഞ്ഞില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ അദ്ദേഹം കേരളത്തിലെ ഓരോ വീടിനും രക്ഷകനായിരുന്നു. ആ കുന്തമുന തകർക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്നു പ്രചാരണം നടത്തി. അദ്ദേഹത്തിനു പഴയപോലെ ജനങ്ങളിൽ സ്വീകാര്യതയില്ല എന്ന നരേറ്റീവ് ഉണ്ടാക്കി. ഇനി ഈ ആക്രമണം പാർട്ടിക്കും സംസ്ഥാന സെക്രട്ടറിക്കും എതിരായിട്ടാകും. വ്യക്തിപരമായി തന്നെയോ പിണറായിയേയോ അല്ല പാർട്ടിയെ തകർക്കാനാണു ശ്രമം. നേതൃമാറ്റം വരുമെന്നാണ് ഇപ്പോൾ പുതിയ പ്രചാരണം. സംസ്ഥാന സെക്രട്ടേറിയറ്റോ കമ്മിറ്റിയോ പുനഃസംഘടിപ്പിക്കാനുള്ള ഒരു അജൻഡയും നിലവിൽ ഇല്ല.
വിശ്വാസികളെ പൂർണമായും തള്ളി വർഗീയതയെ പ്രതിരോധിക്കാനാകില്ല. വിശ്വാസികൾ വർഗീയവാദികളല്ല. വിശ്വാസികളെ ചവിട്ടുപടികളാക്കി രാഷ്ട്രീയ അധികാരത്തെ കൈകാര്യം ചെയ്യുന്നവരാണു വർഗീയവാദികൾ. ഈ കാര്യം നമുക്ക് ഉൾപ്പെടെ മനസിലാകുന്നുണ്ടെങ്കിലും നമ്മളെന്തോ തെറ്റാണ്, നമ്മൾ ഇടതുപക്ഷമല്ല എന്നൊക്കെയാണു പ്രചാരണം.
സച്ചിദാനന്ദൻ അടക്കമുള്ളവർ അതു വളരെ ലളിതമായി പത്തുവർഷമായല്ലോ ഇനി മാറട്ടെ എന്നു പറഞ്ഞു. ചില പാർട്ടിക്കാർക്കിടയിലും അത്തരം ധാരണയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സി. രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.കെ. വാസു, അനൂപ് ഡേവിസ് കാട എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന സെമിനാർ സമാപിച്ചു.
Tags : cpm miscalculated grassroots level third term M.V. Govindan