ന്യൂഡൽഹി: കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന യൂണിഫോം രീതികളിൽനിന്നു മാറാൻ കരസേന. രാജ്യത്തിന്റെ പ്രൗഢി നിലനിർത്തി കൂടുതൽ പ്രഫഷണൽ രീതിയിലേക്ക് യൂണിഫോം മാറ്റാനാണു തീരുമാനം.
പരേഡ് റിവ്യൂ ചെയ്യുന്ന ഓഫീസർമാർ വാളുകൾ നിർബന്ധമായും കൊണ്ടുപോകണം, ഓഫീസേഴ്സ് മെസിലെ യൂണിഫോമിനൊപ്പം പൗച്ച് ബെൽറ്റുകൾ ഉപയോഗിക്കണം എന്നീ നിർദേശങ്ങൾ ഒഴിവാക്കി.
കൂടാതെ തദ്ദേശീയമായ ജാക്കറ്റ് (ബൻഡി ജാക്കറ്റ്) ഫോർമൽ വസ്ത്രത്തിന്റെ ഭാഗമാക്കി. അനുമതിയില്ലാതെ താടി വളർത്തുന്നത്, ടാറ്റു, ശരീരം തുളച്ചുള്ള ആഭരണങ്ങൾ എന്നിവയുടെ വിലക്ക് തുടരും.
തണുപ്പുകാലത്ത് ജോലിസമയങ്ങളിൽ ഉപയോഗിക്കുന്ന യൂണിഫോമിലും പരിഷ്കാരം വരുത്തിയിട്ടുണ്ട്. ബാറ്റിൽ ജാക്കറ്റ് ഉൾപ്പെടുന്ന പുതിയ വിന്റർ വർക്കിംഗ് യൂണിഫോമാണ് അവതരിപ്പിച്ചിരിക്കുന്നത്.
2029ന് മുന്പായി പുതിയ പരിഷ്കാരങ്ങൾ പൂർണമായും നടപ്പാക്കാനാണു സേന ലക്ഷ്യമിടുന്നത്.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, കരസേനാ ദിനം, ഗാർഡ് ഓഫ് ഓണർ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ പരേഡ് കമാൻഡർമാർ, കണ്ടിൻജന്റ് കമാൻഡർമാർ തുടങ്ങിയവർ വാൾ കൈവശം വയ്ക്കുന്നത് തുടരും.
Tags : Uniform Indian Army reminiscent colonial era