ന്യൂഡൽഹി/കോൽക്കത്ത: ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് പൂർണം. വിമത എംപിമാർ ഇന്നലെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നു. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിച്ചെന്നും എൻഡിഎയെ പിന്തുണയ്ക്കുമെന്നും തൃണമൂൽ കോൺഗ്രസ് വിമതർ അറിയിച്ചു.
ഇന്നലെ ലോക്സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ച് വിമതപക്ഷം ലയനതീരുമാനം അറിയിച്ചു. ലോക്സഭയിൽ പ്രത്യേക ഇരിപ്പിടമൊരുക്കണമെന്ന് സ്പീക്കറോട് അഭ്യർഥിച്ചു. ത്രിപുരയിൽ രജിസ്റ്റർ ചെയ്ത, അംഗീകാരമില്ലാത്തെ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി.
തൃണമൂൽ കോൺഗ്രസ് സ്ഥാപകനേതാവും മമത ബാനർജിയുടെ ഉറ്റ അനുയായിയുമായ ആയ സുദീപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്കു കൂറുമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഭൂപേന്ദർ യാദവ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബന്ദോപാധ്യായ വിമതപക്ഷത്തു ചേർന്നത്.
അതേസമയം, സ്പീക്കർക്കു നല്കിയ കത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് ഒപ്പിടുകയെന്നും സുദീപ് പറഞ്ഞു. 2011 മുതൽ 2025 വരെ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് നേതാവായിരുന്നു സുദീപ് ബന്ദോപാധ്യായ.
തങ്ങളുടെ പക്ഷത്തേക്കു രണ്ട് എംപിമാർകൂടി ചേർന്നെന്നു തൃണമൂൽ വിമത പക്ഷം നേതാവ് കാകോലി ഘോഷ് ദസ്തിദാർ ഇന്നലെ അവകാശപ്പെട്ടു. ഇതോടെ വിമത പക്ഷത്ത് 22 എംപിമാരായി. 28 ലോക്സഭാംഗങ്ങളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. 19 വിമത തൃണമൂൽ എംപിമാർ ഒപ്പിട്ട രേഖ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
കാകോലി ഘോഷ് ദസ്തിദാർ, ശതാബ്ദി റോയി, ബാപി ഹൽദാർ, ശർമിള സർക്കാർ, പ്രസൂൺ ബാനർജി, ജഗദീഷ് ചന്ദ്ര ബർമ ബസുനിയ, അസിത് മാൽ, അരുപ് ചക്രവർത്തി, കാളിപദ് സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർഥ ഭൗമിക്, ഖലിലുർ റഹ്മാൻ, അബു താഹെർ ഖാൻ, യൂസഫ് പഠാൻ, മിതാലി ബാഗ്, മാലാ റോയി, രചന ബാനർജി, സയാനി ഘോഷ് എന്നിവരാണ് ഒപ്പിട്ടുള്ളത്.
കാകോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നാണു വിമതരുടെ ആവശ്യം. അഭിഷേക് ബാനർജി, കല്യാൺ ബാനർജി, സൗഗത റോയി, മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ശത്രുഘൻ സിൻഹ, പ്രതിമ മണ്ഡൽ, സജ്ദ അഹമ്മദ് എന്നിവരാണ് രേഖയിൽ ഒപ്പുവയ്ക്കാത്തത്.
വിമതപക്ഷത്തെ പ്രത്യേക ബ്ലോക്കായി ഇരുത്തരുതെന്നാവശ്യപ്പെട്ട് മമത പക്ഷം ഇന്നലെ സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് നല്കി. തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ് സ്പീക്കർക്കു കത്തെഴുതിയത്. തൃണമൂൽ എംപിമാരായ സാഗരിക ഘോഷ്, കീർത്തി ആസാദ് എന്നിവർ ചേർന്നാണ് ഇന്നലെ സ്പീക്കർക്കു കത്ത് സമർപ്പിച്ചത്.
തൃണമൂൽ കോൺഗ്രസ് പിളർപ്പിനിടെ മമത ബാനർജി ഇന്നലെ സംഘടനയിൽ അഴിച്ചുപണി നടത്തി. കാകോലി ഘോഷ് ദസ്ദിദാർ, മാലാ റോയി, സുദീപ് ബന്ദോപാധ്യായ എന്നിവരെ പാർട്ടിയിലെ പ്രധാന പദവികളിൽനിന്നു നീക്കി. അർണബ് ബാനർജിയെ തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കി.
പാർട്ടി വനിതാ വിഭാഗം അധ്യക്ഷയായി ആലിഫ അഹമ്മദിനെ നിയമിച്ചു. മാലാ റോയിക്കു പകരമാണു നിയമനം. നോർത്ത് കോൽക്കത്ത തൃണമൂൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു ബന്ദോപാധ്യായയെ നീക്കി കുനാൽ ഘോഷിനെ നിയമിച്ചു. സൗഗത റോയി ആണ് ലോക്സഭാ വിംഗിന്റെ മുഖ്യ ഉപദേഷ്ടാവ്.
Tags : Mamata banerjee Trinamool