ബെയ്ജിംഗ്: യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും നിർമിത ബുദ്ധി (എഐ) മേഖലയിലുണ്ടായ വൻ മുന്നേറ്റവും കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ അഴിച്ചുപണിയുമായി ചൈന.
പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പുവരുത്താൻ സാധിക്കാത്ത 12,200 ബിരുദ കോഴ്സുകളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചൈനീസ് സർവകലാശാലകൾ നിർത്തലാക്കുകയോ തത്കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയോ ചെയ്തതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കോഴ്സുകളെല്ലാം അനാവശ്യമാണെന്നാണു ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ജോലിസാധ്യത മങ്ങിയ കോഴ്സുകൾ ഒഴിവാക്കിയപ്പോൾ പകരം ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികമേഖലകളിലായി 10,200 പുതിയ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഹ്യുമാനിറ്റീസ്, ആർട്സ്, വിദേശ ഭാഷകൾ, മാനേജ്മെന്റ് കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണു നിർത്തലാക്കിയ കോഴ്സുകളിലേറെയും. ആർട്സ്, ഡിസൈൻ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം തൊഴിലവസരങ്ങൾ വൻതോതിൽ കുറച്ചതാണ് ഇതിനു പ്രധാന കാരണം. ഫോട്ടോഗ്രഫി, ഇല്ലസ്ട്രേഷൻ, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.
ഷാംഗ്ഹായ് സർവകലാശാല ഈ വർഷം മുതൽ തങ്ങളുടെ പ്രൊഡക്ട് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശനം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. മോഡലിംഗ്, റെൻഡറിംഗ് തുടങ്ങിയ ജോലികൾ ഇപ്പോൾ എഐ സോഫ്റ്റ്വേറുകൾ തനിയെ ചെയ്യുന്നതിനാൽ ഈ മേഖലയിൽ അവസരങ്ങൾ ഇല്ലാതായെന്നാണു വിലയിരുത്തൽ.രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾക്കനുസരിച്ചാണ് പുതിയ കോഴ്സുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
ഒന്പതോളം സർവകലാശാലകളിൽ എംബോഡിഡ് ഇന്റലിജൻസ് പോലുള്ള അത്യാധുനിക എഐ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞു. വിപണിയിൽ എഐ പ്രൊഡക്ട് മാനേജർമാരുടെ ആവശ്യകതയിൽ 81ശതമാനം മുതൽ 369ശതമാനം വരെ വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമെ, ഒരു ദശലക്ഷം യുവാക്കൾക്ക് എഐ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ന്യൂ എനർജി വെഹിക്കിൾസ് തുടങ്ങിയ മേഖലകളിൽ അധിക പരിശീലനം നൽകാനും ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി
കോവിഡിനുശേഷം ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിനു മുകളിലാണ്. അടുത്ത കാലത്തായി ചൈനയിലെ സാമ്പത്തികരംഗത്തുണ്ടായ വേഗതയേറിയ മാറ്റങ്ങൾക്കനുസരിച്ച് മാറാൻ അവിടുത്തെ സർവകലാശാലകൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
കോളജ് പഠനം കഴിഞ്ഞിറങ്ങുന്നവരുടെ എണ്ണം റിക്കാർഡ് നിരക്കിലാണെങ്കിലും ജോലി കിട്ടാൻ ഈ പഠിച്ച ബിരുദം കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് പല ഉദ്യോഗാർഥികളും പറയുന്നത്.
Tags : Unemployment China degree courses cancels