പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവർ വഴിതെറ്റി കൊക്കയിൽ വീണു. കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്.
മാങ്കോടുനിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പോലീസിന്റെ സഹായം തേടി.
കൂടൽ പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് നാളെ മാത്രമേ പുറത്തെടുക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Tags : Google Maps misled car falls into gorge