National
ന്യൂഡൽഹി/കോൽക്കത്ത: ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് പൂർണം. വിമത എംപിമാർ ഇന്നലെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നു. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിച്ചെന്നും എൻഡിഎയെ പിന്തുണയ്ക്കുമെന്നും തൃണമൂൽ കോൺഗ്രസ് വിമതർ അറിയിച്ചു.
ഇന്നലെ ലോക്സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ച് വിമതപക്ഷം ലയനതീരുമാനം അറിയിച്ചു. ലോക്സഭയിൽ പ്രത്യേക ഇരിപ്പിടമൊരുക്കണമെന്ന് സ്പീക്കറോട് അഭ്യർഥിച്ചു. ത്രിപുരയിൽ രജിസ്റ്റർ ചെയ്ത, അംഗീകാരമില്ലാത്തെ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി.
തൃണമൂൽ കോൺഗ്രസ് സ്ഥാപകനേതാവും മമത ബാനർജിയുടെ ഉറ്റ അനുയായിയുമായ ആയ സുദീപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്കു കൂറുമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഭൂപേന്ദർ യാദവ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബന്ദോപാധ്യായ വിമതപക്ഷത്തു ചേർന്നത്.
അതേസമയം, സ്പീക്കർക്കു നല്കിയ കത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് ഒപ്പിടുകയെന്നും സുദീപ് പറഞ്ഞു. 2011 മുതൽ 2025 വരെ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് നേതാവായിരുന്നു സുദീപ് ബന്ദോപാധ്യായ.
തങ്ങളുടെ പക്ഷത്തേക്കു രണ്ട് എംപിമാർകൂടി ചേർന്നെന്നു തൃണമൂൽ വിമത പക്ഷം നേതാവ് കാകോലി ഘോഷ് ദസ്തിദാർ ഇന്നലെ അവകാശപ്പെട്ടു. ഇതോടെ വിമത പക്ഷത്ത് 22 എംപിമാരായി. 28 ലോക്സഭാംഗങ്ങളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. 19 വിമത തൃണമൂൽ എംപിമാർ ഒപ്പിട്ട രേഖ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
കാകോലി ഘോഷ് ദസ്തിദാർ, ശതാബ്ദി റോയി, ബാപി ഹൽദാർ, ശർമിള സർക്കാർ, പ്രസൂൺ ബാനർജി, ജഗദീഷ് ചന്ദ്ര ബർമ ബസുനിയ, അസിത് മാൽ, അരുപ് ചക്രവർത്തി, കാളിപദ് സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർഥ ഭൗമിക്, ഖലിലുർ റഹ്മാൻ, അബു താഹെർ ഖാൻ, യൂസഫ് പഠാൻ, മിതാലി ബാഗ്, മാലാ റോയി, രചന ബാനർജി, സയാനി ഘോഷ് എന്നിവരാണ് ഒപ്പിട്ടുള്ളത്.
കാകോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നാണു വിമതരുടെ ആവശ്യം. അഭിഷേക് ബാനർജി, കല്യാൺ ബാനർജി, സൗഗത റോയി, മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ശത്രുഘൻ സിൻഹ, പ്രതിമ മണ്ഡൽ, സജ്ദ അഹമ്മദ് എന്നിവരാണ് രേഖയിൽ ഒപ്പുവയ്ക്കാത്തത്.
വിമതപക്ഷത്തെ പ്രത്യേക ബ്ലോക്കായി ഇരുത്തരുതെന്നാവശ്യപ്പെട്ട് മമത പക്ഷം ഇന്നലെ സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് നല്കി. തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ് സ്പീക്കർക്കു കത്തെഴുതിയത്. തൃണമൂൽ എംപിമാരായ സാഗരിക ഘോഷ്, കീർത്തി ആസാദ് എന്നിവർ ചേർന്നാണ് ഇന്നലെ സ്പീക്കർക്കു കത്ത് സമർപ്പിച്ചത്.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലും പിളർപ്പിന് സാധ്യത. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരെ ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് എത്തിക്കാനും തൃണമൂൽ വിമതരെ ഒപ്പം നിർത്താനും ബിജെപി ശ്രമിക്കുന്നുതായി റിപ്പോർട്ടുകളുണ്ട്. ലോക്സഭയിൽ നിലവിൽ ഉദ്ധവ് താക്കറെയ്ക്ക് ഒമ്പത് എംപിമാരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഏഴ് എംപിമാരുമാണുള്ളത്.
ഉദ്ധവ് പക്ഷത്തെ അറ് എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറിയാൽ കൂറുമാറ്റ നിരോധന നിയമം മറികടന്ന് അവർക്ക് ഔദ്യോഗികമായി ലയിക്കാൻ സാധിക്കും. മുതിർന്ന നേതാക്കളായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ രണ്ട് എംപിമാർ മാത്രമാണ് ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. ബാക്കി ആറു പേരുമായി ഷിൻഡെ നേരിട്ട് ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
ഇതിനിടെ പശ്ചിമ ബംഗാളിൽ മമത ബാനർജിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ തൃണമൂലിന്റെ മുതിർന്ന നേതാവും പാർലമെന്ററി പാർട്ടി നേതാവുമായ സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിൽ വിമതർ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
നിലവിൽ എൻഡിഎ പക്ഷത്ത് 293 എംപിമാരുണ്ട്. വിമത ടിഎംസി കൂടി ചേർന്നാൽ ഇത് 313 ആകും. ശിവസേനയിലെ എംപിമാരെ ചാടിച്ച് ഇത് 320 ആയി ഉയർത്താനാണ് ബിജെപിയുടെ നീക്കം.
National
ന്യൂഡൽഹി: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടിവിട്ട എംപിമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. സുഖേന്ദു ശേഖർ റോയി, ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ എംപിമാരാണ് ഡൽഹിയിലെ ഒരു ബിജെപി നേതാവിന്റെ വീട്ടിൽ യോഗം ചേർന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ യോഗത്തിൽ പങ്കെടുത്തു. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ സമയത്താണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്.
നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തൃണമൂല്‍ വിട്ടുവരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
Leader Page
പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണം (1977-2011) സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.
സിപിഎം ആധിപത്യം പുലർത്തിയ, തടസമില്ലാത്ത ഭരണത്തിന്റെ ഈ കാലഘട്ടം ഭൂമി പരിഷ്കരണങ്ങൾ, വികേന്ദ്രീകരണം, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നൽ നൽകി കാർഷിക സമൂഹത്തിന്റെ വിപ്ലവകരമായ മാറ്റം വാഗ്ദാനം ചെയ്തു. വലിയ നേട്ടങ്ങളും ഒപ്പം പ്രകടമായ പരാജയങ്ങളും നിറഞ്ഞതായിരുന്നു അത്. ഒടുവിൽ ഇടതുമുന്നണിയുടെ നാടകീയമായ തെരഞ്ഞെടുപ്പ് പരാജയത്തിൽ കലാശിക്കുകയും ചെയ്തു.
കോൺഗ്രസ് ഭരണത്തിനെതിരേയുള്ള വ്യാപകമായ അതൃപ്തിയാണ് ഇടതുമുന്നണിക്ക് ഊർജം പകർന്നത്. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥാ കാലഘട്ടത്തിനുശേഷം രൂപപ്പെട്ട ജനകീയ കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ മൂശയിലാണ് 1977ൽ ഇടതുമുന്നണി അധികാരം വാർത്തെടുത്തത്.
ഓപ്പറേഷൻ ബർഗ എന്ന ഭൂമി പരിഷ്കരണ പദ്ധതിയായിരുന്നു അവരുടെ അജണ്ടയിലെ പ്രധാന ഇനം. മിച്ചഭൂമി പുനർവിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമീണ കർഷകർക്ക് വലിയ തോതിൽ അധികാരം നൽകുകയും ജന്മികളാൽ ചൂഷണം ചെയ്യപ്പെടാനുള്ള അവരുടെ സാധ്യത കുറയ്ക്കുകയും ചെയ്തു. ഇത് ദശലക്ഷക്കണക്കിനു പങ്കുകൃഷിക്കാർക്ക് സുരക്ഷിതത്വം നൽകി. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആദ്യവർഷങ്ങളിൽ ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുന്നതിനും കാരണമായി.
ശക്തമായ ത്രിതല പഞ്ചായത്തീരാജ് സംവിധാനം സ്ഥാപിച്ച് ഇടതുമുന്നണി വികേന്ദ്രീകരണത്തിനായി വാദിച്ചു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം വളർത്തുന്നതിനും ഗ്രാമീണ സമൂഹങ്ങൾക്ക് അധികാരം നൽകുന്നതിനും ഇത് കാരണമായി. ഇടതുമുന്നണി ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ കാർഷിക ഉത്പാദനത്തിലെ വൻ വർധന ശ്രദ്ധേയമായി. ഭൂമി പരിഷ്കരണങ്ങളും മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളുമായിരുന്നു കാരണം.
മതേതരത്വം, വർഗാടിസ്ഥാനത്തിലുള്ള ജനസമാഹരണം, ബൗദ്ധികമായ ആധുനികത എന്നിവയിലൂന്നിയുള്ള സവിശേഷമായ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. വർഗീയവിരുദ്ധത, തൊഴിലാളികളുടെ അവകാശങ്ങൾ, പുരോഗമന സാഹിത്യം എന്നിവയെല്ലാം അക്കാലത്തെ പൊതുചർച്ചകളുടെ കേന്ദ്രബിന്ദുവായി. ഇക്കാലത്തെ ബംഗാളി സ്വത്വം എന്നത് ബംഗാൾ നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുക്തിസഹവും മതേതരവുമായ ഒന്നായാണ് ഇതെല്ലാം ചർച്ച ചെയ്യപ്പെട്ടത്.
തകർച്ചയുടെ തുടക്കം
ഇടതു ഭരണത്തിന്റെ തുടക്കത്തിലെ പ്രഭാവം ക്രമേണ മങ്ങിത്തുടങ്ങി. മാറിവന്ന സാമ്പത്തിക സാഹചര്യങ്ങൾ വ്യവസായ വളർച്ചയെ തടസപ്പെടുത്തി. പുതിയ നിക്ഷേപങ്ങളില്ലാതെ നിരവധി ഫാക്ടറികൾ അടച്ചുപൂട്ടലിലെത്തി. ഇത് വ്യാപകമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി.
മാർക്കറ്റ് പരിഷ്കരണങ്ങളെ ഉൾക്കൊള്ളാനുള്ള ഇടതുമുന്നണിയുടെ വിമുഖതയും സ്വകാര്യ സംരംഭങ്ങളോടുള്ള ശത്രുതയും നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചു. ഭൂമി പരിഷ്കരണങ്ങളിലുള്ള ശ്രദ്ധ തുടക്കത്തിൽ ഗുണം ചെയ്തെങ്കിലും, വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതൽ വെല്ലുവിളിയായതോടെ വ്യവസായ വികസനം മുരടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ കിടന്നത് സാമ്പത്തിക വളർച്ച വീണ്ടും തടസപ്പെടുത്തി.
വർഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് നൽകിയ ഊന്നലും വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിച്ച നിയന്ത്രണവും സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കി. വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യപരമായ ഇടങ്ങൾ കുറഞ്ഞതും അതൃപ്തി വർധിപ്പിച്ചു. പ്രത്യയശാസ്ത്രപരമായ ആവേശങ്ങളില്ലാത്ത പുതിയ തലമുറയുടെ ഉദയം ഇടതുമുന്നണിയുടെ നയങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി.
വ്യവസായ പദ്ധതികൾക്കായി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ സിംഗൂർ, നന്ദിഗ്രാം സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. ഈ സംഭവങ്ങൾ കർഷകർക്കനുകൂലമായ സർക്കാർ എന്ന ഇടതുമുന്നണിയുടെ പ്രതിച്ഛായ തകർത്തു. ഒപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അവരിൽനിന്നകന്നു.
തിരിച്ചടികൾ കൂട്ടത്തോടെ
കാർഷിക മേഖലയിലുണ്ടായ ക്രമാനുഗതമായ തകർച്ച ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കി. സ്വത്വ രാഷ്ട്രീയവും തൃണമൂൽ കോൺഗ്രസുമെല്ലാം ഇടതുമുന്നണിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. കൂടാതെ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ രാഷ്ട്രീയ അക്രമങ്ങൾ കൂടുതൽ വ്യാപകമായി മാറുകയും ചെയ്തു.
മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും കുതിപ്പ് 2011ൽ ഇടതുമുന്നണിയുടെ അടിതെറ്റിച്ചു. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമായി.
കൂടുതൽ കാലം തടസമില്ലാതെ ഭരണം കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പാഠവും മുന്നറിയിപ്പുമായിരുന്നു ഇടതുമുന്നണിയുടെ ഭരണകാലം. മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന പാഠം അവർ പഠിച്ചുകാണണം. ജനാധിപത്യതത്വങ്ങളെ ബലികഴിച്ചാലും ജനം പ്രതികരിക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കണം. പ്രത്യയശാസ്ത്രപരമായ കടുപ്പവും രാഷ്ട്രീയ നിശ്ചലാവസ്ഥയും ഇടതുമുന്നണിക്കു തിരിച്ചടിയായി.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവിനു മുറി അനുവദിക്കാത്തതിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന് നിർദേശിക്കപ്പെട്ട മുറിയുടെ മുമ്പിൽ കുത്തിയിരുന്നാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തൃണമൂൽ എംഎൽഎമാർ പ്രതിഷേധിച്ചത്.
പ്രതിപക്ഷ നേതാവ് ശോഭൻദേബ് ചതോപാധ്യായ, മുൻ സ്പീക്കർ ബിമൻ ബാനർജി, മുൻ മന്ത്രിമാരായ പുലക് റോയ്, അരൂപ് റോയ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
National
കോൽക്കത്ത: ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി സാവോനി ഘോഷ്.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലുള്ള സിക്കന്ദരാബാദിലെ ബിജെപി മുനിസിപ്പൽ ചെയർമാൻ പ്രദീപ് ദീക്ഷിത്, സാവോനി ഘോഷിന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവോനി ഘോഷ് കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശിവലിംഗവുമായി ബന്ധപ്പെട്ട് സാവോനി ഘോഷ് മുൻപ് പങ്കുവച്ച ഒരു പഴയ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഷേധിച്ച്, ഹിന്ദു സംഘടനകൾ സിക്കന്ദരാബാദിൽ നടത്തിയ മാർച്ചിലാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും പ്രദീപ് ദീക്ഷിത് അവകാശപ്പെട്ടു.
താൻ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് നേരെ ഉയർന്നിരിക്കുന്നത് പരസ്യമായ വധഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സാവോനി ഘോഷ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരെ ടാഗ് ചെയ്തുകൊണ്ട്, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു വനിതാ ജനപ്രതിനിധിക്ക് നേരെ ഇത്തരം ഭീഷണി ഉയരുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി എന്ന് അവർ എക്സിൽ കുറിച്ചു.
കുറ്റക്കാർക്കെതിരെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പോലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
National
കോൽക്കത്ത: പാർട്ടിവിരുദ്ധ പരാമർശം നടത്തിയതിന് മൂന്നു വക്താക്കളെ തൃണമൂൽ കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
കോഹിനൂർ മജുംദാർ, റിജു ദത്ത, കാർത്തിക് ഘോഷ് എന്നിവരാണു പാർട്ടിനടപടി നേരിട്ടത്.
തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് വിമർശനമുന്നയിച്ച അഞ്ചു വക്താക്കൾക്ക് തൃണമൂൽ നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പാനിഹാട്ടി മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ.
ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരമായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ്നാഥിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തൃണമൂൽ പ്രവർത്തകർ സ്ഥാനാർഥിയെ തടഞ്ഞത്.
ഉത്തര 24 പർഗാനസ് ജില്ലയിലെ പാനിഹാട്ടിയിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്താനെത്തിയ അവശയായ വയോധികയെ സഹായിക്കാൻ രത്ന ദേബ്നാഥ് മുന്നോട്ടുവന്നതാണ് തർക്കത്തിന് കാരണമായത്.
സ്ഥാനാർഥി നേരിട്ട് വോട്ടർമാരോട് പോളിംഗ് ബൂത്തിൽ സംസാരിക്കുന്നത് ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്ത് വളയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ രത്ന ദേബ്നാഥിന് ബൂത്തിനു പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സുരക്ഷാസേന ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി വാഹനത്തിൽ കയറ്റിവിട്ടത്. തന്നെ ഭീഷണിപ്പെടുത്തിയ തൃണമൂൽ പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്ന് രത്ന ദേബ്നാഥ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 28ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സന്ദർശന വേളയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി ഒരു ഔദ്യോഗിക 'കുറ്റപത്രം' പുറത്തിറക്കും.
തൃണമൂൽ സർക്കാരിന്റെ അഴിമതികൾ, ഭരണപരാജയങ്ങൾ, ക്രമസമാധാന തകർച്ച എന്നിവ അക്കമിട്ട് നിരത്തുന്ന രേഖയായിരിക്കും അമിത് ഷാ പുറത്തിറക്കുന്നത്. നിയമനങ്ങളിലെ ക്രമക്കേടുകൾ, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയിൽ കുറ്റപത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലെ 'ദുർഭരണവും അഴിമതിയും' തുറന്നുകാട്ടുന്ന വിശദമായ ശ്വേതപത്രവും ബിജെപി ഇതിനൊപ്പം പുറത്തുവിടും.
സംസ്ഥാനത്തെ ഖനന മേഖലയിലടക്കമുള്ള 'മാഫിയാ രാജ്' അവസാനിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളുടെ കടത്ത് തടയുന്നതും ബിജെപി പ്രധാന പ്രചാരണ വിഷയമാക്കും. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പത്രിക ഏപ്രിൽ ആദ്യവാരം പുറത്തിറക്കാനാണ് പദ്ധതിയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ, സ്ത്രീക്ഷേമം എന്നിവയ്ക്കായിരിക്കും പത്രികയിൽ മുൻഗണന നൽകുക.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവേദിക്കു സമീപം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തർ ഏറ്റുമുട്ടി.
പ്രധാനമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുന്‍പാണ് സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ബിജെപി പ്രവർത്തകനം പരിക്കേറ്റു.
പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപത്തുവെച്ച് കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആരോപണങ്ങൾ തൃണമൂൽ പ്രവർത്തകർ നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരേ കല്ലേറ് തുടങ്ങിയെതെന്ന് ഇവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മോദി കൊൽക്കത്തയിലെത്തിയത്.
National
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിലുണ്ടായ വിവാദത്തിത്തെത്തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വനിതാദിനത്തില്‍ രാഷ്ട്രപതി അപമാനിക്കപ്പെട്ടുവെന്നു പറഞ്ഞ മോദി ജനാധിപത്യമര്യാദകളെവരെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
അതിനിടെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോകോള്‍ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നാലു കാര്യങ്ങളിലാണു വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം രാഷ്ട്രപതിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നുമാണു മമത ബാനർജിയുടെ വാദം. രാഷ്ട്രപതിയുടെ പദവിയെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.
National
കോൽക്കത്ത: ബംഗാളിൽ സിപിഎമ്മിൽനിന്നു രാജിവച്ച പ്രമുഖ നേതാവ് പ്രതീകുർ റഹ്മാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
സിപിഎം സംസ്ഥാന സമിതിയംഗമായിരുന്ന റഹ്മാൻ തിങ്കളാഴ്ചയാണു പാർട്ടി വിട്ടത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിൽ അഭിഷേക് ബാനർജിക്കെതിരേ റഹ്മാൻ സ്ഥാനാർഥിയായിരുന്നു.
അഭിഷേകിന്റെ സാന്നിധ്യത്തിലാണ് റഹ്മാൻ തൃണമൂൽ അംഗത്വമെടുത്തത്. തൃണമൂലിൽ ചേർന്നതിനു പിന്നാലെ റഹ്മാനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം പുറത്താക്കി.
National
കോൽക്കത്ത: ബംഗാളിലെ ബിജെപി എംഎൽഎ ബിഷ്ണു പ്രസാദ് ശർമ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
കുർസിയോംഗ് മണ്ഡലത്തെയാണ് ശർമ പ്രതിനിധീകരിക്കുന്നത്. കോൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തു വച്ചാണ് ശർമ ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറേ നാളായി ഇദ്ദേഹം ബിജെപി നേതൃത്വവുമായി ഭിന്നതയിലായിരുന്നു.