ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ രണ്ടായി പിളർത്തിയ വിമത നീക്കങ്ങൾക്കുശേഷം അവകാശവാദവുമായി ഇരുപക്ഷവും. തൃണമൂൽ കോൺഗ്രസിനെ ഉപേക്ഷിച്ചിട്ടില്ലെന്നും തിരുത്തൽശക്തിയായി തുടരുമെന്നും വിമത എംപി അരുപ് ചക്രവർത്തി പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി പോരാടും.
പുതിയൊരു നീക്കം തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ വികസനവും തൊഴിലും ഇതുവഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയെയും അരൂപ് ചക്രവർത്തി രൂക്ഷമായി വിമർശിച്ചു. മമത ഭയപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ ഒരു യോഗം വിളിക്കാൻപോലും അവർക്കു കഴിയുന്നില്ല. കക്കോലി ഘോഷ് ദസ്തിദാറും സുദീപ് ബന്ദോപധ്യായയും വിമതസംഘത്തെ നയിക്കുമെന്നും ചക്രവർത്തി പറഞ്ഞു.
അതേസമയം, വിമതർക്കെതിരേ കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുമെന്നാണ് മമത ബാനർജിയും സംഘവും വാദിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കു മറ്റൊരു പാർട്ടിയിൽ ലയിക്കാം. പാർലമെന്റ് അംഗങ്ങൾ മാത്രമായി ലയിക്കുക അസാധ്യമാണ്.
കൂറുമാറ്റ നിരോധന നിയമം ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ടെന്നും തൃണമൂലിന്റെ രാജ്യസഭാ പ്രതിനിധി സാഗരിക ഘോഷ് പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷം, കൂറുമാറ്റ നിരോധന നിയമം എന്നിവയിൽ ഒട്ടേറെ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുകയാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
തൃണമൂൽ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചശേഷം മറ്റൊരു പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത് വോട്ടർമാരെ ചതിക്കുന്ന നടപടിയാണെന്ന് മറ്റൊരു മുതിർന്ന നേതാവ് സുഗത റോഡി പറഞ്ഞു. മമത ബാനർജി ചെയർമാനായ തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.
എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അനധികൃതമായി വിമതസംഘം പിന്തുണ നൽകുകയാണ്-അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട്, ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കുന്നതായി അറിയിച്ചത്.
അഗര്‍ത്തല: 2023 ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും നാലു സീറ്റിൽ മത്സരിച്ച് നോട്ടയ്ക്കു തൊട്ടടുത്തു മാത്രം വോട്ട് നേടാനായ എന്‍സിപിഐക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് തൃണമൂലിലെ പിളർപ്പ്. ദ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി എന്നപേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പശ്ചിമബംഗാളിലെ ഹൗറയിലാണ് കേന്ദ്ര ഓഫീസ്.
കല്‍ക്കട്ട ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഷീലി കുണ്ടു എന്ന അഭിഭാഷകനാണു പാര്‍ട്ടി പ്രസിഡന്റ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവമാനു, അംബാസ, കൈലാഷഹര്‍ എന്നീ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് പാര്‍ട്ടി ജനവിധി തേടിയത്. നാമനിര്‍ദേശപത്രിക തള്ളിയതിനെത്തുടര്‍ന്ന് നാലാമതൊരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കു മത്സരിക്കാനായില്ല. പേനയുടെ നിബ് ആയിരുന്നു ചിഹ്നം.
ചവമാനുവിലെ സ്ഥാനാര്‍ഥി ബര്‍ജേദ ത്രിപുര നേടിയ 536 വോട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളിലെ ഏറ്റവും മികച്ച പ്രകടനം. ഈ മണ്ഡലത്തില്‍ നോട്ടയ്ക്ക് 500 വോട്ടുകള്‍ ലഭിച്ചിരുന്നു. 2023 തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ ലയനത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ദിവസവേതനത്തൊഴിലാളിയായ പഴയ സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തല്‍.
ചെറുകക്ഷിയാണെങ്കിലും തൃണമൂലുമായുള്ള ലയനം എൻസിപിഐയിലും ആശയഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. ലയനത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച നടന്നില്ലെന്ന് ദേശീയ സെക്രട്ടറി ശന്തനു ഡേ പറഞ്ഞു. അധ്യക്ഷനു മാത്രമായി ഇത്തരമൊരു തീരുമാനം എടുക്കാനാകില്ല. ഭാരവാഹികളുമായി ചർച്ച ചെയ്യാത്തതിനാൽ സംഘടനയുടെ അംഗീകാരമില്ല. ത്രിപുരയെ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ രൂപീകരണമെന്നും ശന്തനു ഡേ വ്യക്തമാക്കി.
Tags : Trinamool Mamata Rebels defection Trumpeting NCPI