ന്യൂഡൽഹി: രാജ്യത്ത് വരുംമാസങ്ങളിൽ വിലക്കയറ്റ ഭീതിക്കിടയാക്കി മൊത്തവിപണിയിലെ വിലക്കയറ്റം (ഡബ്ല്യുപിഐ) 9.68 ശതമാനത്തിലേക്കുയർന്നു. ഏപ്രിലിൽ ഉണ്ടായിരുന്ന 8.26 ശതമാനത്തിൽനിന്നാണ് മേയിലെ ഡബ്ല്യുപിഐ 1.42 ശതമാനം വർധിച്ച് 9.68 ശതമാനത്തിലെത്തിയത്.
മൊത്തവിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ പരാജയപ്പെട്ടാൽ വരുംമാസങ്ങളിൽ ചില്ലറവിപണിയിൽ വിലക്കയറ്റം പ്രതിഫലിക്കുകയും അതു സാധാരണക്കാരെ ബാധിക്കുകയും ചെയ്യും.
ചില്ലറവ്യാപാര വിലക്കയറ്റം ഇതേ മാസത്തിൽ 3.93 ശതമാനമായിരിക്കെയാണ് മൊത്ത വ്യാപാര വിലക്കയറ്റം (സിപിഐ) കുതിച്ചുയർന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചില്ലറ വ്യാപാര വിലക്കയറ്റ സൂചിക ക്രമാതീതമായി കൂടുന്നുണ്ടെങ്കിലും പരിധിവിട്ടുള്ള വർധന ഉണ്ടായിട്ടില്ലെന്നാണ് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ 16 മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിരക്കാണു സിപിഐയിൽ പ്രകടമായിട്ടുള്ളത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ധാതു എണ്ണകൾ (മിനറൽ ഓയിൽസ്) എന്നിവയുടെ വില കുതിച്ചുയർന്നതോടെയാണ് രാജ്യത്തെ മൊത്തവ്യാപാര വിലക്കയറ്റം ക്രമാതീതമായി ഉയർന്നത്. 2022-23 അടിസ്ഥാന വർഷമായി എടുത്തു കണക്കാക്കിയ വിവരങ്ങളാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടത്.
ഇന്ധനം, വൈദ്യുതി, നിർമിത ഉത്പന്നങ്ങൾ (മാനുഫാക്ചേഡ് ഗുഡ്സ്), ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ വർധന സന്പദ്വ്യവസ്ഥയിലുടനീളം ഉത്പാദനച്ചെലവ് ഗണ്യമായി ഉയരാൻ കാരണമായി.
ഇന്ധന-വൈദ്യുതി മേഖലകളിലെ വിലക്കയറ്റം ഏപ്രിലിലെ 24.89 ശതമാനത്തിൽനിന്ന് മേയിൽ 30.33 ശതമാനമായി ഉയർന്നു. ഇതിൽ ക്രൂഡ് പെട്രോളിയം വിലയിലെ വർധന മൂലമുള്ള പണപ്പെരുപ്പം 56.31 ശതമാനത്തിൽനിന്നു 61.51 ശതമാനമായാണ് വർധിച്ചത്.
മൊത്തവില സൂചികയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന നിർമിതവസ്തുക്കളുടെ തോത് 6.68ൽനിന്ന് 7.48 ശതമാനമായും ഭക്ഷ്യവസ്തുക്കളുടെ മൊത്തവ്യാപാര വിലസൂചിക 3.11 ആയിരുന്നത് 4.49 ശതമാനമായും കൂടി.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസവും പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയുമാണ് ഈ വിലക്കയറ്റത്തിനു പിന്നിൽ. നിലവിലെ പ്രതിസന്ധിക്കു വൈകാതെ പരിഹാരം കാണാനായാൽ വരുംമാസങ്ങളിൽ നേരിടാൻ സാധ്യതയുള്ള വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ സാധിച്ചേക്കും.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിലവിലുള്ള ഡബ്ല്യുപിഐ സൂചികയ്ക്കു പകരം പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (പിപിഐ) പൂർണമായും നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
വിവിധ വിലക്കയറ്റ കരാറുകളിൽ ഡബ്ല്യുപിഐ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് പിപിഐയിലേക്കു മാറാൻ ആവശ്യമായ സമയം നൽകുന്നതിനായി അടുത്ത അഞ്ചു വർഷത്തേക്ക് രണ്ട് സൂചികകളും ഒരുമിച്ച് പ്രസിദ്ധീകരിക്കും. അതിനുശേഷം ഡബ്ല്യുപിഐ നിർത്തലാക്കും.
വികസിത സന്പദ്വ്യവസ്ഥകൾ പിന്തുടരുന്ന ആഗോള മാനദണ്ഡങ്ങൾക്കും അന്താരാഷ്ട്ര നാണ്യനിധിയുടെ ശിപാർശകൾക്കും അനുസൃതമായാണ് ഈ മാറ്റം.
Tags : inflation Wholesale price inflation