അമിത് ഷാ
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്നുള്ള പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ മൺസൂൺ സമ്മേളനത്തിന്റെ പത്താം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം. ഇന്നലെ രാവിലെ 11ന് ഇരുസഭകളിലും നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ ലോക്സഭ ഉച്ചയ്ക്ക് വീണ്ടും ചേരാൻ പിരിഞ്ഞു. രാജ്യസഭയിൽ ശൂന്യവേള ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു.
ഉച്ചയ്ക്ക് 12ന് ലോക്സഭ വീണ്ടും ചേർന്നപ്പോൾ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചു. അമിത് ഷായുടെ വകുപ്പിനു കീഴിലുള്ള ബില്ലായിരുന്നിട്ടും അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ബില്ലുകൾ അമിത് ഷാ അവതരിപ്പിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയാണുണ്ടായത്. പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ചർച്ചയില്ലാതെ കേന്ദ്രസർക്കാർ പാസാക്കി.
സഭാ നടപടികളിൽ സഹകരിക്കാത്ത പ്രതിപക്ഷം ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെന്നു പിന്നീട് കുറ്റപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയിൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ അമിത് ഷാ പാർലമെന്റിൽ മറുപടി പറയുന്നതുവരെ പ്രതിഷേധിക്കാനാണു പ്രതിപക്ഷനീക്കം. അങ്ങനെ സംഭവിച്ചാൽ ഇനി അവതരിപ്പിക്കുന്ന ബില്ലുകൾ പലതും ചർച്ചയില്ലാതെ പാസാക്കേണ്ടിവരും. അടുത്തയാഴ്ച പാർലമെന്റിന്റെ പരിഗണയ്ക്കെത്തുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ വിവാദ ബില്ലുകളിൽ കേന്ദ്രസർക്കാരിനെ എതിർക്കാൻതന്നെയാണു പ്രതിപക്ഷ തീരുമാനം.
Tags : AmitShah Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs