പാർലമെന്റിന്റെ പ്രധാന കവാടമായ മകരദ്വാറിൽ എംപി പപ്പുയാദവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം സംഭാവനത്തട്ടിപ്പിൽ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ട് പാർലമെന്റിന്റെ പ്രധാന കവാടമായ മകരദ്വാറിൽ സ്കിറ്റ് അവതരിപ്പിച്ച് പ്രതിപക്ഷ എംപിമാർ. ബിഹാറിൽനിന്നുള്ള സ്വതന്ത്ര എംപി പപ്പുയാദവിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണു എംപിമാർ വേറിട്ട പ്രതിഷേധം നടത്തിയത്.
കാവി വേഷത്തിൽ ഭസ്മം പൂശി നടുത്തളത്തിലിരുന്ന പപ്പുയാദവ് ചുറ്റും നിന്ന എംപിമാരിൽനിന്നും കാണിക്കപ്പണം പിരിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പപ്പുയാദവിനടുത്തെത്തി കാണിക്കപ്പണം നിക്ഷേപിച്ചു. ഒടുവിൽ എംപിമാരിൽനിന്നു പിരിച്ച സംഭാവനത്തുകയുമായി പപ്പുയാദവ് ഓടുകയും ചെയ്തത് ചുറ്റുമുണ്ടായിരുന്ന എംപിമാർക്കിടയിൽ ചിരി പടർത്തി.
സമാജ്വാദി പാർട്ടി നേതാക്കളും പപ്പുയാദവിനൊപ്പം സ്കിറ്റിൽ പങ്കെടുത്തു. രാമക്ഷേത്രം തട്ടിപ്പ് വിഷയത്തിൽ പാർലമെന്റിനുള്ളിലും പ്രതിപക്ഷം ഇന്നലെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ വിഷയം സജീവമാക്കി നിർത്താനാണു പ്രതിപക്ഷ തീരുമാനം.
വിദ്യാർഥിപ്രതിഷേധത്തിലെ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയാത്തതും പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി.
ഉത്തരവ് ആരു നൽകി എന്ന ബാനർ കൈയിൽ പിടിച്ചുകൊണ്ടായിരുന്നു പാർലമെന്റിനു പുറത്തെ എംപിമാരുടെ പ്രതിഷേധം.
Tags : Skit PappuYadav Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs