ഫിഫ
സൂറിച്ച് /ക്വലാലംപുർ: ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങളുടെ പങ്ക് സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരേ ആഗോള ഫുട്ബോൾ ലോകത്ത് പ്രതിഷേധമിരമ്പുന്നു.
ലോകകപ്പ് ചാന്പ്യനായ സ്പെയിൻ ഉൾപ്പെടുന്ന യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയ്ക്കുപിന്നാലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക ആൻഡ് കരീബിയൻ അസോസിയേഷൻ ഫുട്ബോളും (കോൺകാകാഫ്) വിവാദ പദ്ധതിക്കെതിരേ രംഗത്തെത്തി.
പദ്ധതി പരസ്യമായി പ്രഖ്യാപിക്കുന്നതിനുമുന്പ് തങ്ങളുമായി ആലോചിച്ചിരുന്നില്ലെന്നും ഇതിന്റെ സാമ്പത്തിക, നിയമപരമായ ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും 47 രാജ്യങ്ങൾ ഉൾപ്പെടുന്ന എഎഫ്സി അറിയിച്ചു. ഫിഫയുടെ ഈ ഏകപക്ഷീയമായ സമീപനം പരസ്പര സഹകരണത്തിലും സുതാര്യതയിലും അധിഷ്ഠിതമായ ഏഷ്യൻ ഫുട്ബോളിന്റെ അടിത്തറയെത്തന്നെ തകർക്കുന്നതാണെന്നും അവർ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 19നകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടു ഫിഫ നൽകിയ സമയപരിധിയെ കോൺകാകാഫ് ചോദ്യം ചെയ്തു. നടപടിക്രമങ്ങളുടെ സുതാര്യതയിൽ സംശയമുണ്ടെന്നും സംഘടന വ്യക്തമാക്കി.
പദ്ധതിക്കെതിരേ ആദ്യം രംഗത്തുവന്ന യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫ, തങ്ങളുടെ 55 അംഗരാജ്യങ്ങളും ഏകകണ്ഠമായി ഫിഫയുടെ പദ്ധതി തള്ളിക്കളഞ്ഞതായി അറിയിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തം ഒഴിവാക്കിയില്ലെങ്കിൽ ഭാവി ഫിഫ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട മൂന്നു ഭൂഖണ്ഡ കൂട്ടായ്മകൾ ഒന്നടങ്കം എതിർത്തതോടെ ഫിഫയുടെ 211 അംഗങ്ങളിൽ 143 രാജ്യങ്ങളും പദ്ധതിക്കെതിരായി രംഗത്തുവന്നിരിക്കുകയാണ്.
Tags : FIFAWorldCup Privatization FIFA Asian NorthAmerican FoodballFederation Sports