റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ കൊച്ചിയിലെ ഓഫിസിൽ നടന്ന പരിശോധന
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ സംസ്ഥാന വ്യാപക പരിശോധനയുമായി എസ്‌ഐടി. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന. കൊച്ചിയില്‍ ആന്‍റോ അഗസ്റ്റിന്‍റെ ഫ്‌ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
പുലര്‍ച്ചെ നാലോടെ എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകളായ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലുമാണ് ഒരേ സമയം വിശദമായ പരിശോധന. സാമ്പത്തിക ഇടപാടുകള്‍, മറ്റ് കത്തിടപാടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിന്‍ എന്നിവരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലിസ് കേസ് എടുത്തിട്ടുള്ളത്.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ആന്‍റോ അഗസ്റ്റിനെയും ജോസുകുട്ടി അഗസ്റ്റിനെയും ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ് വന്ന വഴി, സര്‍ക്കാര്‍ അനുമതിക്ക് മുമ്പേ അര്‍ജന്‍റീനയുമായുള്ള കരാര്‍ ഒപ്പിട്ടത്, കലൂര്‍ സ്റ്റേഡിയം കരാര്‍ ഇല്ലാതെ കൈവശം വച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്‍റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ചാണ് വിശദമായ ചോദ്യം ചെയ്യല്‍.
അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് ഡെസ്‌കിലെയും ഡിജിറ്റല്‍ ഡെസ്‌കിലെയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതായും മാധ്യമപ്രവര്‍ത്തകരെ ബലമായി ഇറക്കിവിട്ടതായും ചാനല്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം അറിയിച്ചു.
Tags : LionelMessi FraudCase SIT Search Reporter