ലയണൽ മെസി (File Photo)
ബുവാനോസ് ആരീസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസതാരം ലയണൽ മെസി അവസാനമായി അർജന്‍റീനയ്ക്കായി ബൂട്ടണിയുന്നു. ഒക്ടോബർ ആറിന് സ്വന്തം തട്ടകമായ ബുവാനോസ് ആരീസിലെ വിഖ്യാതമായ മോണ്യുമെന്‍റൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ദേശീയ ടീമിനായി മെസിയുടെ 208-ാമത്തെ മത്സരമാണിത്.
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്‍റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇവയിൽ ഒന്നിലാണ് മെസി ഇറങ്ങുന്നത്.
രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മെസിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷികളാവാൻ 2022-ൽ ലോകകപ്പ് നേടിയ മുഴുവൻ ടീമംഗങ്ങളെയും കുടുംബാംഗങ്ങളെയും മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Tags : LionelMessi Argentina Football Farewell Match