ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ വെടിവയ്പ് ഉണ്ടായിട്ടില്ലെന്നു തെറ്റായ പ്രസ്താവന നടത്തി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെതിരേ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ അവകാശലംഘന നോട്ടീസ് നൽകി.
പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ നടന്ന ചർച്ചയ്ക്കു നൽകിയ മറുപടിയിൽ, പ്രതിഷേധക്കാർക്കെതിരേ കണ്ണീർവാതക പ്രയോഗം മാത്രമാണു നടത്തിയതെന്നും വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും അതിനാൽ വെടിവയ്ക്കാൻ ഉത്തരവിട്ടുവെന്ന ചോദ്യം നിലനിൽക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ മന്ത്രി നടത്തിയതു തെറ്റായ പ്രസ്താവനയാണെന്നും പാർലമെന്റിനെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ലോക്സഭാ ചട്ടങ്ങളിലെ 222-ാം വകുപ്പ് പ്രകാരം സ്പീക്കർ ഓം ബിർളയ്ക്കു നൽകിയ നോട്ടീസിൽ കെ.സി. വേണുഗോപാൽ ആരോപിച്ചു.
വെടിവയ്പ് നടന്നിട്ടുണ്ടെന്നും പരിക്കേറ്റയാൾ ചികിത്സയിലുള്ള കാര്യം പൊതുമധ്യത്തിൽ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, വസ്തുതകള്‍ പരിശോധിക്കാതെ മന്ത്രി നടത്തിയ പ്രസ്താവന അവകാശലംഘനവും സഭയോടുള്ള അവമതിപ്പുമാണ്. മന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ച് വിശദമായി പരിശോധിച്ച് പ്രിവിലേജ് കമ്മിറ്റിക്കു വിടണമെന്നും വേണുഗോപാൽ നോട്ടീസിൽ ആവശ്യപ്പെട്ടു.
Tags : Violation UnionMinister Jitendra Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs