പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാത്ത തരത്തിലാണ് എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെന്നും, രാജ്യത്തിന്റെ ഉൗർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.
പാവപ്പെട്ടവർക്കുള്ള ധാന്യങ്ങൾ എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിട്ടുവെന്നും സബ്സിഡി നിരക്കിലുള്ള അരി നികുതിദായകരുടെ ചെലവിൽ ഡിസ്റ്റിലറികൾക്ക് നൽകുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ സർക്കാർ തള്ളി.
ഭക്ഷ്യധാന്യ ശേഖരണം ആദ്യം പൊതുവിതരണ സന്പ്രദായം (പിഡിഎസ്), ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ), ക്ഷേമപദ്ധതികൾ, നിർബന്ധിത ബഫർ സ്റ്റോക്ക് മാനദണ്ഡങ്ങൾ എന്നിവയുടെ ആവശ്യകതകളാണ് പൂർത്തിയാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ബാധ്യതകളെല്ലാം പൂർത്തിയാക്കിയ ശേഷം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന മിച്ചമുള്ള ധാന്യശേഖരം മാത്രമാണ് എഥനോൾ ഉത്പാദനത്തിനായി അനുവദിക്കുന്നത്.
മനുഷ്യർക്ക് ഭക്ഷ്യയോഗ്യയമല്ലാത്തതും സൂക്ഷിച്ചുവച്ചാൽ കേടാകാൻ സാധ്യതയുള്ളതുമായ ധാന്യങ്ങൾ, പൊടിഞ്ഞ അരി, കേടായ ധാന്യങ്ങൾ എന്നിവയാണ് എഥനോൾ ഉത്പാദനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി ജി-വൻ യോജന വഴി കാർഷിക അവശിഷ്ടങ്ങളിൽ നിന്നുള്ള രണ്ടാം തലമുറ എഥനോൾ ഉത്പാദനം വ്യാപിപ്പിക്കുന്നുണ്ടെന്നും, ഇത് ഭക്ഷ്യധാന്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, എഥനോൾ ഉത്പാദനത്തിന് അംഗീകാരമുള്ള നിരവധി അസംസ്കൃത വസ്തുക്കളിൽ ഒന്ന് മാത്രമാണ് എഫ്സിഐ അരി എന്നും മറ്റ് വസ്തുക്കളുടെ അതേ കേന്ദ്ര സർക്കാർ വിലനിർണയ രീതി തന്നെയാണ് ഇതിനും പിന്തുടരുന്നതെന്നും വ്യക്തമാക്കി.
സർക്കാർ കണക്കുകൾ പ്രകാരം, ചോളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിനാണ് ഏറ്റവും ഉയർന്ന സംഭരണവില ലഭിക്കുന്നത് ലിറ്ററിന് 71.86 രൂപ. കരിന്പ് ജ്യൂസ്/സിറപ്പ് (ലിറ്ററിന് 65.61 രൂപ), കേടായ ഭക്ഷ്യധാന്യങ്ങൾ (ലിറ്ററിന് 64 രൂപ), ബി-ഹെവി മൊളാസസ് (ലിറ്ററിന് 60.73 രൂപ), എഫ്സിഐ അരി (ലിറ്ററിന് 60.32 രൂപ), സി-ഹെവി മൊളാസസ് (ലിറ്ററിന് 57.97 രപ) എന്നിങ്ങനെയാണ് മറ്റ് വിലകൾ.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സമയങ്ങളിൽ ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഈ പദ്ധതി സഹായിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു.
ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് വില ബാരലിന് 135 ഡോളറിലേക്ക് ഉയർന്നപ്പോൾ, എഥനോൾ മിശ്രിതം ചേർക്കാത്ത പെട്രോളിന് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 രൂപയോളം എത്തുമായിരുന്നു. എന്നാൽ, 20 ശതമാനം എഥനോൾ മിശ്രണം അന്താരാഷ്ട്ര എണ്ണവിലയിലെ അസ്ഥിരതയുടെ ആഘാതം കുറച്ചതോടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് 94.77 നിരക്കിൽ പെട്രോൾ ലഭ്യമായി.
Tags : Ethanol Blending Scheme FoodSecurity Business Center