ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നു മുതല്‍ 25 വരെയാണ് പരിശോധന.
അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണു നിര്‍ദേശം.
പൊതുവിപണിയില്‍ വിവിധ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകളും മറ്റും പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കുതന്നെയാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്ന് സ്ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് വ്യാപാരിക്കു നിര്‍ദേശം നല്‍കണം.
സ്വകാര്യ അരി മില്ലുകള്‍ പരിശോധിച്ച് വര്‍ധന അടക്കം വിലയിരുത്തണം. മൊത്ത വ്യാപാരികള്‍ സ്റ്റോക്കും വിലയും അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
ചില്ലറ വ്യാപാരികളും വാങ്ങല്‍-വില്പന ബില്‍/ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവര പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബില്‍/ഇന്‍വോയ്സ് നല്‍കാതെ വില്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
കോഴിക്കോട്: പാടശേഖരങ്ങളിൽനിന്ന് മില്ലുകളിലേക്ക് നെല്ല് കയറ്റി അയയ്ക്കുന്ന ട്രക്കുകളിലും ലോറികളിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനം നിർബന്ധമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
ലോറികളിൽ ജിപിഎസ് പ്രവർത്തിക്കുന്നുണ്ടെന്ന് മില്ലുകാർ ഉറപ്പാക്കണം. ഇതുവഴി പാടശേഖരം മുതൽ റേഷൻകടകൾ വരെയുള്ള ധാന്യനീക്കം സമ്പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും.
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണവും മില്ലുകളിലേക്ക് നെല്ല് കയറ്റി അയയ്ക്കുന്നതും സുതാര്യമാക്കാനും അഴിമതി തടയുന്നതിനുമാണ് ജിപിഎസ് ട്രാക്കിംഗ് സംവിധാനമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോറികളുടെ സഞ്ചാരപാത തത്സമയം നിരീക്ഷിക്കൽ, വഴിമാറി പോകുന്നതു തടയൽ, നെല്ല് കടത്തുന്നതു തടയൽ, മില്ലുകളിൽ നെല്ല് സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കൽ, സഞ്ചാരം കുറ്റമറ്റതാക്കൽ എന്നിവയാണു സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പിആർഎസ് ബില്ലിലെ വാഹന നമ്പറും നെല്ലിന്റെ അളവും ഉപയോഗിച്ച് കൃത്യത ഉറപ്പാക്കാം. സപ്ലൈകോയുടെ ഔദ്യോഗിക പാഡി പോർട്ടൽ വഴി നെല്ലു സംഭരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും സ്റ്റാറ്റസുകളും പരിശോധിക്കാൻ കഴിയും. അടുത്ത സീസൺ മുതൽ അത് നടപ്പിലാക്കും.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വ്യാപാര മേള നടത്തും. ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാപാരമേള ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വ്യാപാര മേള നടത്തുകയെന്നും മന്ത്രി അറിയിച്ചു.
Tags : Squad Monitor Wholesale Retail Onam Prices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AnoopJacob