പ്രതീകാത്മക ചിത്രം
കൊച്ചി: പാലക്കാട് ശ്രീകൃഷ്ണപുരം മുന്ന വധക്കേസിലെ മൂന്നു പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. ഒന്നുമുതല്‍ മൂന്നു വരെ പ്രതികളായ മദ്യ വ്യവസായി പി. വിജയന്, സഹോദരപുത്രന് പി.കെ. സുധീര്‍, മാനേജര്‍ ജോര്‍ജ് മംഗളം എന്നിവരെയാണു പ്രത്യേക ജഡ്ജി പി.കെ. മോഹന്‍ദാസ് വെറുതെവിട്ടത്.കേസിലെ ഗൂഢാലോചന സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
1992 ഏപ്രില്‍ 11ന് അബ്കാരി കരാറുകാരനായിരുന്ന കെ.ജി. മുന്നയുടെ മുതദേഹം കത്തിക്കരിഞ്ഞനിലയില്‍ അംബാസഡര്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളാന്‍ ശ്രമിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 1994ല്‍ കേസ് സിബിഐ ഏറ്റെടുത്തു.
മണ്ണാര്‍ക്കാട് അബ്കാരി റേഞ്ച് മുന്ന ലേലത്തില്‍ പിടിച്ചതിന്റെ പകയില്‍ വിജയന്റെ നിര്‍ദേശപ്രകാരമാണു കൊലപാതകം നടന്നതെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. വിജയന്റെ സഹോദരനും സുധീറിന്റെ പിതാവുമായ മുന്‍ എംഎല്‍എ പി. കുമാരനെയടക്കം കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
2011ലാണ് വിചാരണ തുടങ്ങിയത്. എന്നാല്‍, ഗൂഢാലോചന നടന്നതായി പറയുന്ന ഹോട്ടലിലെ ജീവനക്കാരെ വിസ്തരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ടൂറിസ്റ്റ് ഹോമിലെ സാക്ഷികളുടെ മൊഴികള്‍ ദുര്‍ബലമാണ്. പ്രതികള്‍ തട്ടിക്കൊണ്ടുപോയെന്നു പറയപ്പെടുന്ന സാക്ഷി ഇതു നിഷേധിച്ചു. തെളിവു നശിപ്പിക്കാനായി കാര്‍ കത്തിച്ചെന്ന ആരോപണവും തെളിയിക്കപ്പെട്ടില്ല.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിനു ഗുരുതര വീഴ്ചയുണ്ടായി. ഇത്തരം പിഴവുകള്‍ നിഷ്കളങ്കമാണെന്നു കരുതാനാകില്ല. സാഹചര്യത്തെളിവുകള്‍ മാത്രം ആശ്രയിക്കുന്ന കേസുകളില്‍ കുറ്റകൃത്യം സംശയരഹിതമായി തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, പ്രതികളെ കുറ്റവുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ പ്രോസിക്യൂഷനു ഹാജരാക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags : MunnaMurder Acquitted CBICourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash