പ്രതീകാത്മക ചിത്രം
പെഷവാർ: പാക്കിസ്ഥാനിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ പത്തംഗ മലകയറ്റ സംഘത്തെ കാണാതായി. പ്രമുഖ മലകയറ്റ വിദഗ്ധൻ നിർമൽ പുർജയും (43) സംഘത്തിലുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം നടത്തുന്ന പാക് സംഘം ഇന്നലെ നാലു മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ആരുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. നേപ്പാൾ, പാക്കിസ്ഥാൻ, ഒമാൻ, അമേരിക്ക, ചൈന രാജ്യക്കാരാണു സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേർ നേപ്പാളി ഷെർപ്പ ഗൈഡുകളാണ്.
8,051 മീറ്ററുമായി ഉയരത്തിൽ ലോകത്തിൽ 12-ാം സ്ഥാനമുള്ള കൊടുമുടിയാണ് ബ്രോഡ് പീക്ക്. വ്യഴാഴ്ച അർധരാത്രി 6,600 മീറ്റർ ഉയരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ മലകയറ്റ സംഘം പെട്ടിരിക്കാമെന്നാണ് അനുമാനം.
ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയതിന്റെ റിക്കാർഡ് നിർമൽ പുർജയുടെ പേരിലാണ്. ഇദ്ദേഹം നേപ്പാൾ സ്വദേശിയാണ്. അങ്ങേയറ്റം ദുഷ്കരമായ സ്ഥലത്താണ് രക്ഷാപ്രവർത്തനമെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു.
Tags : Avalanche PakistaniPeak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BroadPeak GilgitBaltistan