x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണെത്താദൂരത്തോളം ചൊ​വ്വ​യി​ലെ തേ​നീ​ച്ച​ക്കൂ​ട്; ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് നാ​സ​

റിസെർച്ച് ഡെസ്ക്
Published: July 31, 2026 01:32 PM IST | Updated: July 31, 2026 01:32 PM IST

ചൊവ്വയുടെ പ്രതലത്തിൽ തേനീച്ചക്കൂടിന്‍റെ രൂപത്തിലുള്ള പാറക്കെട്ടുകൾ. ക്യൂരിയോസിറ്റി റോവർ പകർത്തിയ ചിത്രം.

ശാസ്ത്രലോകത്തിന് ചൊവ്വ എന്ന ചുവന്ന ഗ്രഹം എന്നു വിസ്മയമാണ്. ജീവന്‍റെ സാന്നിധ്യമുണ്ടോ/ഉണ്ടായിരുന്നോ, ഭാവിയിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ കഴിയുമോ തുടങ്ങിയ ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലം കൂടിയാണിത്. ഇപ്പോൾ, ചൊവ്വയിൽനിന്നുള്ള വിസ്മയകരമായ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. കണ്ണെത്താദൂരത്തോളം തേ​നീ​ച്ച​ക്കൂ​ടു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന അതിവി​ശാ​ലമായ പ്രദേശമാണ് റോ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്. നേരത്തെ, ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​റി​യ ഘ​ട​ന​ക​ള്‍ ചൊവ്വാദൗ​ത്യ​ത്തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ഇത്രയും വിശാലമായ മേഖല ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത് അന്വേഷണചരിത്രത്തിലെ ആദ്യത്തെ അധ്യായമാണ്!

 

വാ​ലെ ഗ്രാ​ന്‍​ഡെ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചൊ​വ്വാ താ​ഴ്വ​ര​യി​ലേ​ക്ക് ക്യൂ​രി​യോ​സി​റ്റി അ​ടു​ത്തി​ടെ പ്രവേശിക്കാനാരംഭിച്ചപ്പോഴാണ് അതിശകരമായ കണ്ടെത്തൽ. ഏ​ക​ദേ​ശം 1.5 മു​ത​ല്‍ മൂന്ന് ഇ​ഞ്ചുവ​രെ വ​ലി​പ്പ​മു​ള്ള ബ​ഹു​ഭു​ജ രൂ​പ​ത്തി​ലു​ള്ള വി​ള്ള​ലു​ക​ളാ​ല്‍ സ​മൃ​ദ്ധ​മാ​ണ് പ്ര​ദേ​ശം. വ്യാ​പ്തി​യു​ടെ കാ​ര്യ​ത്തി​ല്‍, മുൻ ക​ണ്ടെ​ത്ത​ലു​ക​ളേ​ക്കാ​ള്‍ എ​ത്ര​യോ മു​ക​ളി​ലാ​ണ് വാ​ലെ ഗ്രാ​ന്‍​ഡെ​യി​ലെ ​പ്ര​തി​ഭാ​സ​മെന്നു ദൗ​ത്യ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാസയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

റോ​വ​ർ പകർത്തിയ 360-ഡി​ഗ്രി പ​നോ​ര​മ ദൃ​ശ്യ​ങ്ങ​ളി​ല്‍, നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ര്‍​ന്നു​കി​ട​ക്കു​ന്ന ​ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ള്‍ വ്യ​ക്ത​മാ​ണ്. പ്ര​ദേ​ശ​ത്തു​ള​ള, ആ​റ് മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള മി​റാ​ഫ്‌ളോ​ര്‍​സ് എ​ന്ന പാ​റ​ക്കെ​ട്ടി​നു ചു​റ്റുമാണ് ബഹുഭുജരൂപങ്ങൾ. റോ​വ​റിന്‍റെ കാമ​റ​ക​ളി​ലൂ​ടെ കൗ​തു​ക​ക​ര​മാ​യ പ​ല കാ​ഴ്ച​ക​ളും ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും, ഒ​രേ രീ​തി​യി​ലു​ള്ള ഈ ​ക്ര​മം തി​ക​ച്ചും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി​യി​ലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

കണ്ടെത്തിയ ​ഘ​ട​ന​ക​ളു​ടെ ആ​കൃ​തി​യും രാ​സ​ഘ​ട​ന​യും ശാ​സ്ത്ര​ജ്ഞ​ര്‍ വിശദമായ പഠനത്തിനു വിധേയമാക്കി. നേരത്തെ നടത്തിയ ദൗ​ത്യ​ങ്ങ​ളി​ല്‍ ദൃശ്യമായ ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ള്‍ ഉ​ണ​ങ്ങിവ​ര​ണ്ട ചെ​ളി​യി​ലെ വി​ള്ള​ലു​ക​ള്‍ കാ​ര​ണം രൂ​പ​പ്പെ​ട്ട​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വി​ള്ള​ലു​ക​ള്‍, ഒരു​പോ​ലെ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്ന ത​ണു​പ്പും ചൂ​ടും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളോ, അ​ല്ലെ​ങ്കി​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​പ്പെ​ട്ട് ജ​ലം പു​റ​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ള്‍ സംഭവിച്ച മാ​റ്റ​ങ്ങ​ളോ ആ​കാം എ​ന്നാ​ണ് ഗവേഷകുടെ വി​ല​യി​രു​ത്ത​ല്‍. കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ചൊ​വ്വ​യി​ലെ പ്രാ​ചീ​ന അ​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ റോവറിന്‍റെ പുതിയ കണ്ടെത്തലിലൂടെ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നാസ.

Tags : NASA CuriosityRover HoneycombLikeLandscape Mars

Recent News

Corehub Up