അഭിജിത് ദീപ്കെ
ന്യൂഡൽഹി: ബിജെപിയിലും ആർഎസ്എസിലും ചേരാൻ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടെന്നും, വിസമ്മതിച്ചതിനെ തുടർന്ന് വധഭീഷണി നേരിടുന്നുണ്ടെന്നും ആരോപിച്ച് പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനുമായ അഭിജീത് ദിപ്കെ. ഛത്രപതി സംബാജി നഗറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ബിജെപിയിൽ ചേരുക, അല്ലെങ്കിൽ വെടിയേറ്റു മരിക്കാൻ തയ്യാറാവുക എന്ന രീതിയിൽ തനിക്ക് ഭീഷണികൾ വരുന്നുണ്ടെന്ന് ദിപ്കെ വെളിപ്പെടുത്തിയത്.
എന്തുവന്നാലും ബിജെപിയിൽ ചേരില്ലെന്നും യാതൊരുവിധ ഭീഷണികൾക്കും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന വിദേശ സാമ്പത്തിക സഹായ ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും, ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയായതിനാൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ മാത്രമല്ല, സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും ലക്ഷ്യമിട്ട് ഭീഷണികൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ദിപ്കെ, വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടുന്നത് ഏത് സംസ്കാരത്തിനും നന്മയാണെന്നും അവരെ അടിച്ചമർത്തുന്നതിന് പകരം അവരുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു. അതേസമയം, ദിപ്കെയുടെ ഗുരുതരമായ ആരോപണങ്ങളോട് ബിജെപിയോ ആർഎസ്എസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : CockroachJanataParty AbhijeetDipke LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash