പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ഡല ജില്ലയിൽ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാൽ സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
എന്നാൽ അജിത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് കുടുംബം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിൽ ഓക്സിജൻ സൗകര്യം നൽകിയിരുന്നെങ്കിലും, യാത്രയ്ക്കിടയിൽ സിലിണ്ടറിലെ ഓക്സിജൻ തീർന്നുപോവുകയായിരുന്നു.
തുടർച്ചയായി ശ്വാസതടസം ഉണ്ടായിട്ടും കൃത്യസമയത്ത് ഓക്സിജൻ കിട്ടാതെ അജിത് പിതാവിന്റെ മടിയിൽ കിടന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
Tags : Deepika Ambulance Hospital Oxygen