മന്ത്രി എം. ലിജു.
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി എം. ലിജു. നിയമാനുസൃതമായ നടപടികളാണ് എക്സൈസ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നും മന്ത്രി പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാഹചര്യമുണ്ടായതിനാലാണ് എക്സൈസ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന യാതൊന്നുമില്ലെന്നും സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം ഉണ്ടായാൽ കേസെടുക്കുന്നത് സ്വാഭാവികമാണ്. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിലാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എക്സൈസ് എ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റോയെ വയനാട്ടിലെത്തിച്ച ശേഷം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Tags : AntoAugustine Arrest M.Liju Excise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash