അനാമികയെ കാറിന്റെ ബോണറ്റിൽ കിടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ
ലക്നോ: കാമുകനെ മറ്റൊരു യുവതിക്കൊപ്പം കാറിൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഓടുന്ന കാറിന്റെ ബോണറ്റിൽ കയറി കിടന്ന യുവതി റോഡിലേക്ക് തെറിച്ചുവീണു. ഉത്തർപ്രദേശിലെ ഗോമതി നഗറിലെ ജാനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം. അനാമിക എന്ന യുവതിയാണ് കാമുകൻ ഷാനവാസ് മറ്റൊരു സ്ത്രീയോടൊപ്പം പാർക്കിൽ എത്തിയത് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഷാനവാസ് മറ്റൊരു യുവതിക്കൊപ്പം കാറിൽ ഇരിക്കുന്നത് കണ്ട അനാമിക ഇയാളെ ചോദ്യം ചെയ്യുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തു. തർക്കത്തിനൊടുവിൽ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഷാനവാസിന്റെ കാറിന്റെ ബോണറ്റിലേക്ക് അനാമിക ചാടിക്കയറുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഇവർ ബോണറ്റിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അൽപസമയം വാഹനം നിർത്തിയെങ്കിലും പെട്ടന്ന് കാർ അമിതവേഗത്തിൽ മുന്നോട്ടെടുത്തതോടെ യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്നിട്ടും വാഹനം നിർത്താതെ ഓടിച്ചുപോയി.
അപകടത്തിൽ പരിക്കേറ്റ അനാമിക ആശുപത്രിയിൽ ചികിത്സയിലാണ്. യഷ് താക്കൂർ എന്ന് പരിചയപ്പെടുത്തിയാണ് ഷാനവാസ് യുവതിയുമായി പ്രണയത്തിലായതെന്ന് അനാമിക പൊലിസിൽ പരാതി നൽകിയത്. ആശുപത്രിയിൽ വച്ചാണ് യുവതി ഷാനവാസിനെതിരെ പൊലിസിൽ പരാതി നൽകിയത്. വീഡിയോയിൽ വാഹനത്തിന്റെ നമ്പർ വ്യക്തമായി കാണാമെന്നും നമ്പർ കേന്ദ്രീകരിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Breakingnews Woman Fall CarBonnet Jump