National
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനമെത്തുന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് കാരണം.
ജൂണിൽ മാത്രം 20 മുതൽ 24 ശതമാനം വരെയാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്കുശേഷം ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിനു മുമ്പ് ബാരലിന് 72 മുതൽ 73 ഡോളർ വരെയായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. സംഘർഷത്തെത്തുടർന്ന് ബാരലിനു 126 ഡോളർ വരെയായി കുതിച്ചുയർന്നിരുന്നു. അതോടെ ലോകമെങ്ങും പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനയുണ്ടായി. എന്നാൽ നിലവിൽ വില 75 ഡോളറിൽ താഴെയെത്തിയെങ്കിലും ഇതിന്റെ ഗുണങ്ങൾ ഉടൻ ഉപയോക്താക്കളിലേക്കെത്തിയേക്കില്ല.
ക്രൂഡ് ഓയിൽ വിലവർധനയിൽ വൻ നഷ്ടം നേരിട്ട പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾക്ക് വിലക്കുറവിന്റെ നേട്ടം ലഭിക്കാൻ കുറച്ച് ആഴ്ചകൾ കാത്തിരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന വിലയ്ക്കു വാങ്ങിച്ചിരുന്ന ക്രൂഡ് ഓയിൽ സ്റ്റോക്ക് വിറ്റുതീരുന്നതുവരെ ഇന്ധനവിലയിൽ കുറവുണ്ടാകില്ല.
കുറഞ്ഞ വിലയുള്ള ക്രൂഡ് ഓയിൽ കമ്പനികളുടെ കൈയിലെത്തി വിപണി സന്തുലമായതിനുശേഷം മാത്രമായിരിക്കും വിലയിൽ മാറ്റം വരുത്തുന്നത് കേന്ദ്രം പരിഗണിക്കുക.
സംഘർഷം തുടങ്ങിയ മാർച്ച് മുതൽ മേയ് വരെ എണ്ണക്കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ ഏകദേശ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഈ നഷ്ടം നികത്തുവാനുള്ള സാവകാശം കമ്പനികൾക്ക് കേന്ദ്രം നൽകിയേക്കും.
National
ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടമുണ്ടായത്.
കബ്ബാല ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം നദിക്കരയിലെത്തിയതായിരുന്നു കുടുംബം. നദിക്കരയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ വിജയമ്മ കാൽവഴുതി നദിയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് വിജയമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെടുകയായിരുന്നു.
അപകടത്തിൽപ്പെട്ട മറ്റൊരാളെയും നാലു വയസുള്ള കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഹോംഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്.
ഇഷ്കിൻ റസൂൽ എന്ന ചെറുവള്ളം തിരയിൽ പെടുകയായിരുന്നു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. താഹ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻപും മുതലപൊഴിയിലെ ഇതേ സ്ഥലത്ത് അപകടങ്ങൾ പതിവാണ്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിൽ നിന്നു വീണ് യുവാവ് മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ആദിൽ അഹമ്മദ് ഖാൻ (37) ആണ് മരിച്ചത്.
മാറ്റുകളും കാർപ്പെറ്റുകളും ഉണാക്കാനിടുതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിന്റെ കൃത്യമായ വിവരം അറിയിന്നതിനായി കെട്ടിടത്തിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഖാറിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു. സാന്താക്രൂസ് സ്വദേശിനി ആരില ശ്രീവാസ്തവയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ആരില, സഹോദരി മനസ്വി, സുഹൃത്ത് ഹർഷിത കുമാർ എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മരം വീണത്. മനസ്വിയും ഓട്ടോ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആരിലയ്ക്കും ഹർഷിതയ്ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച ആരില മരണത്തിന് കീഴടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആരിലയുടെ മരണത്തെ തുടർന്ന് സംഭവസ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കന്പനിക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരം വേരോടെ പിഴുതുവീണാണ് അപകടമുണ്ടായത്. പുറമേക്ക് കേടുപാടുകൾ ഒന്നും കാണാനില്ലായിരുന്നെങ്കിലും മരത്തിന്റെ ഉള്ളിൽ ചിതൽ അരിച്ചതിനെ തുടർന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയോർപീർ ജില്ലയിൽ കുഴൽക്കിണറ്റിൽ വീണ നാല് വയസുകാരനെ സുരക്ഷിതമായി പുറത്തെടുത്തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗുർകരൻ സിംഗ് എന്ന കുട്ടിയാണ് 20 അടി താഴ്ചയിൽ കുടുങ്ങിക്കിടന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഗുർകരൻ പുതുതായി കുഴിച്ച കുഴൽക്കിണറ്റിൽ വീണത്. ശനിയാഴ്ച പുലർച്ചെ 12.40 ഓടെ രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുക്കുകയും ഉടൻ തന്നെ വൈദ്യപരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് മണ്ണ് പുരണ്ടിരുന്നെങ്കിലും ആരോഗ്യാവസ്ഥ തൃപ്തികരമാണ്.
മണൽ കലർന്ന മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിക്കുന്പോൾ കാമറയും ഓക്സിജൻ പൈപ്പും വച്ച് കുട്ടിയെ നിരിക്ഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ ചലനങ്ങൾ കാമറയിൽ ദൃശ്യമായിരുന്നു. എന്നാൽ പിന്നീട് മണ്ണ് ഇടിഞ്ഞുവീണതോടെ കാമറയിലുടെയുള്ള നീരിക്ഷണം തടസപ്പെട്ടു.
തുടർന്ന് കുഴൽക്കിണറിന് സമാന്തരമായി 25 അടി താഴ്ചയിൽ കുഴിയെടുത്ത ശേഷമാണ് കുട്ടിയുടെ അടുത്തേക്ക് ചെറിയൊരു തുരങ്കം നിർമിച്ച് സുരക്ഷിതമായി എത്തിയത്. ഒൻപത് മണിക്കുർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനം കാണാൻ വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കകിരയിലായിരുന്നു അപകടം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മണാലിയിൽ നിന്ന് ഡൽഹൗസിയിലേക്ക് 10 പേരുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശികളായ ലളിത് ഭായ് ഫട്നാനി, ഭാര്യ മംമ്ത, പ്രിയങ്ക് കനയ്യ ലാൽ, ഭാര്യ കാജൽ, മകൻ ദിയാൻഷ്, മണ്ടിയിലെ ജോഗീന്ദർനഗർ സബ്ഡിവിഷനിൽ താമസിക്കുന്ന ഡ്രൈവർ ജസ്വന്ത് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം തെറ്റിയ കാർ ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ കുളത്തിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. തുടർന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികളുടെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനായി കുളത്തിലിറങ്ങിയതകണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഡ്രൈവറായ ലിംഗത്തിന്റെ (30) മകൻ യുവരാജാണ് കൃഷിയിടത്തിലെ കിണറ്റിൽ വീണ് മരിച്ചത്.
യുവരാജ് മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവർ മടങ്ങിപോയതിന് പിന്നാലെ ആടുകളെ മേയിക്കാൻ പോയ അമ്മയെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു യുവരാജ്. ഇതിനിടെ കാൽ വഴുതി കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.
യുവരാജിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ഒരു കളിപ്പാട്ടം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭാണ്ഡുപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനുവേണ്ടി എടുത്ത കുഴിയിൽ വീണ് ഒരാൾ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു. ഭാൽചന്ദ്ര ഫാലെ (25) എന്ന യുവാവാണ് മരിച്ചത്. ജനത മാർക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
സമീപത്തുള്ള കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ ഇവർ കുഴിയിൽ വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 19 നും 43 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലായിരിക്കെയാണ് ഭാൽചന്ദ്ര മരണമടഞ്ഞത്. പരിക്കേറ്റവരിൽ എട്ട് പേർ ആശുപത്രി വിട്ടു. നിലവിൽ രണ്ട് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ വാസായിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ കിണറ്റിലേക്കു മറിഞ്ഞ് രണ്ടു പേർക്കു പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ കിണറിന്റെ ചുറ്റുമതിൽ തകർത്ത് 25 അടി താഴ്ചയിലേയ്ക്കാണ് വീണത്.
കിണറ്റിൽ വെള്ളം കുറവായതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്.
അതേസമയം, രണ്ടു പേരും മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഡ്രൈവിംഗ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.
National
ജയ്പൂർ: രാജസ്ഥാനിലെ ഉദയപൂരിൽ സ്കൂൾ മൈതാനത്തെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥി മഹർത്ത് രാജ് സിംഗ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ശരീരത്തിൽ പോസ്റ്റ് വീഴുകയായിരുന്നു. പോസ്റ്റ് തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതി മരിച്ചു. പായൽ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.
പായൽ നടപ്പാതയ്ക്കരികിലുള്ള ഓടയിൽ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നാല് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അപകടം നടന്ന് 150 മീറ്റർ അകലെ മറ്റൊരു ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പായലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ റയ്ഗാഡിൽ ഇർഷാൽഗാഡ് കോട്ടയിലെയ്ക്ക് ട്രക്കിംഗിന് പോയ യുവാവ് 400 അടി താഴ്ചയിലേയ്ക്ക് വീണ് മരിച്ചു. ഭീവണ്ടി സ്വദേശി ആകാശ് രാജേന്ദ്ര വാഗ്മോഡെ (26) യാണ് മരിച്ചത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ആകാശ്. ട്രക്കിംഗിനായി മലയടിവാരത്തിൽ തന്റെ ഇരുചക്രവാഹനം നിർത്തിയിട്ട ശേഷം അദ്ദേഹം മല കയറാനായി പോവുകയും യാത്രക്കിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയുമായിരുന്നു.
ലോണാവാലിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ തിരച്ചിലിനായി നിയോഗിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് പോലീസും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. തൃഷ (17), രത്ന കുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മുല്ലുങ്കുമ്മി വെള്ളച്ചാട്ടത്തിലാണ് സംഭവം.
അവധി ആഘോഷിക്കാനായി ജാംബവലസയിൽ നിന്ന് അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുകൊണ്ട് ഇവർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിനിടയിലുള്ള പാറയിൽ കയറി. അവിടെവച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സമീപവാസികൾ ഉടൻ തന്നെ രക്ഷിക്കാൻ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
ബഡ്നഗർ തെഹ്സിലിനു കീഴിലുള്ള ജലാരിയ ഗ്രാമത്തിൽ രാത്രി എട്ടോടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
വിവരം ലഭിച്ചതിനെത്തുടർന്ന് ബദ്നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് പട്ടീദാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
SUNDAY DEEPIKA
2021 നവംബർ 17. സമയം രാവിലെ 8.50.
പെരിന്തൽമണ്ണയിലെ വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി വെങ്ങാട് വെറ്ററിനറി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഡോ. സുമ. പെട്ടെന്നാണതു സംഭവിച്ചത്. മലാപ്പറന്പ് പള്ളിക്കു മുന്പിൽവച്ച് പിറകിൽനിന്നുവന്ന ടിപ്പർ ലോറി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ അവളെ ഇടിച്ചുതെറിപ്പിച്ചു. ഉയർന്നുപൊങ്ങി നിമാഷാർധത്തിൽ താഴെ വീണപ്പോൾ കാണുന്നത് എതിരേനിന്നുവന്ന ബസ് സഡണ് ബ്രേക്കിട്ട് തലയുടെ ചാരെ നിർത്തിയിരിക്കുന്നതാണ്.
ഓർമയുണ്ടെങ്കിലും എഴുന്നേൽക്കാനാകുന്നില്ല. വേദന പൊതിയുന്നു. ഓവർകോട്ടിനുള്ളിലെ വസ്ത്രങ്ങളിൽനിന്ന് നനവുപടരുന്നുണ്ട്. തനിക്കുകാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സുമയ്ക്കു ബോധ്യമായി. അലറിക്കരഞ്ഞിട്ടും ആരുമെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല. വന്നവർ വന്നവർ ചുറ്റുംകൂടി നിൽക്കുകയാണ്. പെട്ടെന്നാണ് ഒരു ചെറുപ്പക്കാരൻ എതിരേനിന്ന് ഒരു വെളുത്ത കാറിൽ എത്തിയത്. ""പറ്റില്ലെങ്കിൽ നിങ്ങളാരും കൂടെ വരണ്ട. പക്ഷേ, ഇവരെ ഒന്നെടുത്തു കാറിൽ കയറ്റിത്താ. ഞാൻ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാം''- അയാൾ പറഞ്ഞു. ആ കാർ ചെന്നുനിന്നത് തൊട്ടടുത്തുള്ള പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ആ ചെറുപ്പക്കാരൻ ഒരു ഡോക്ടറായിരുന്നു, ഡോ. അലി അക്ബർ.
പരിശോധനകൾക്കുപിന്നാലെ ഒരുകാര്യം വ്യക്തമായി- ചുമലെല്ല് നാലായി തകർന്നിരിക്കുന്നു. അതിലൊരു കഷണം കുത്തിക്കയറി ചുമലിനു പിറകിൽ ഒരു വലിയ ദ്വാരമുണ്ടായി. അതിലൂടെ രക്തം വാർന്നാണു വസ്ത്രമെല്ലാം നനഞ്ഞ് ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്. വലതുകാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടിയിട്ടുണ്ട്. തുടർന്ന് മൗലാന ആശുപത്രിയിലേക്ക്. മൂന്നുദിവസംകഴിഞ്ഞ് വിദഗ്ധ ശസ്ത്രക്രിയയ്ക്കായി കിംസ് അൽഷിഫ ആശുപത്രിയിൽ പ്രശസ്ത ഓർത്തോ സർജൻ ഡോ. മോഹൻ കുമാറിന്റെ അടുത്തേക്ക്... ഏതാനും ദിവസങ്ങൾനീണ്ട ആശുപത്രി വാസത്തിനുശേഷം നേരെ വീട്ടിലെ കട്ടിലിലേക്ക്...
അല്പം ഫ്ലാഷ് ബാക്ക്...
അമൂല്യനിധി
സാഹിത്യകാരനും നാടകരചയിതാവുമായ രാഘവൻ അന്പാടത്ത് ദീർഘകാലം മലേഷ്യയിൽ ജോലിചെയ്തശേഷമാണ് 51 ാം വയസിൽ ഭാര്യ ഭഗീരഥിയോടും ഏക മകൻ സുകുമാരനോടുമൊപ്പം തൃശൂർ വാരിയം ലെയിനിൽ താമസമാക്കുന്നത്. മകന് മലയാളം അന്യമാകരുതെന്ന ആഗ്രഹമാണ് ഇവരെ നാട്ടിലെത്തിച്ചത്.
പിറ്റേവർഷം അവർക്കൊരു മകൾ പിറന്നു. രണ്ടു പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിക്ക് അവർ പേരിട്ടു- സുമ. അവൾ ഏഴാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ജ്യേഷ്ഠന്റെ വിവാഹം. തുടർന്ന് ജോലിക്കായി അദ്ദേഹം ഗൾഫിലേക്ക്. സുമ പ്രീഡിഗ്രി ഒന്നാംവർഷം പഠിക്കുന്പോഴായിരുന്നു അമ്മയുടെ അപ്രതീക്ഷിത വേർപാട്. അതോടെ അച്ഛനും മകളും തനിച്ചായി.
അച്ഛനെയാണെനിക്കിഷ്ടം
അമ്മയുടെ വേർപാട് അച്ഛനെയും മകളെയും കൂടുതൽ അടുപ്പിച്ചു. മകളെ കാണാതെ അച്ഛനോ അച്ഛനെ കാണാതെ മകൾക്കോ കഴിയാനാവാത്ത അവസ്ഥ. സാഹിത്യ അക്കാദമി അംഗമായിരുന്ന അന്പാടത്ത് സാഹിത്യപ്രവർത്തനങ്ങളിലും മുഴുകി. മകൾ പഠിച്ച് വെറ്ററിനറി ഡോക്ടറായി.
ഇതിനിടെ ഫൈബ്രോമയാൾജിയ സിൻഡ്രോം എന്ന ഭേദമാകാത്ത രോഗം അവളെ പിടികൂടി. ഇടതുവശത്തെ കാലും കൈയും മുറുകാൻ തുടങ്ങി. സ്വതന്ത്രമായി പ്രവർത്തിക്കാനോ കൈകാലുകൾ മടക്കാനോ സാധിക്കാത്ത അവസ്ഥ. പല ഡോക്ടർമാരെ കണ്ടെങ്കിലും ജീവിതകാലം മുഴുവൻ ഇതുതുടരുമെന്നും മരുന്നുകഴിച്ച് മുന്നോട്ടുപോകാം എന്നുമായിരുന്നു ഉപദേശം. വിവാഹം വേണ്ട എന്നായിരുന്നു ആദ്യത്തെ തീരുമാനം. രോഗവിവരം അറിഞ്ഞിട്ടും വിവാഹം കഴിക്കാം എന്നൊരാൾ പറഞ്ഞപ്പോൾ മരണംവരെ അച്ഛനെ നോക്കാൻ അനുവദിക്കണം എന്നതായിരുന്നു സുമയുടെ ഏക ഡിമാൻഡ്.
അങ്ങനെ 2006ൽ പെരിന്തൽമണ്ണ സ്വദേശിയായ ബിഎസ്എൻഎൽ എൻജിനീയർ എസ്. അനൂപിന്റെ ജീവിതപങ്കാളിയായി. അച്ഛന്റെ വേർപാടിന്റെ അറുപതാംദിവസം ജോലിക്കു പോകുന്പോഴായിരുന്നു തുടക്കത്തിൽ കണ്ട അപകടം.
കിടക്കയിലേക്ക്
പെരിന്തൽമണ്ണ എൽഐസി റോഡിലെ "സമന്വയ' വീട്ടിൽ കിടക്കുന്പോൾ എല്ലാവർക്കും താനൊരു ഭാരമാകുമോ എന്നായിരുന്നു സുമയുടെ ചിന്ത. പക്ഷേ, തന്നെ കളിയാക്കിയിരുന്നവരും വിമർശിച്ചിരുന്നവർപോലും വലിയ സ്നേഹത്തോടെ വരികയും സഹാനുഭൂതിയോടെ സഹായഹസ്തം നീട്ടുകയും ചെയ്തപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. നിഷേധാത്മക ചിന്തകൾ മാറി. പ്രത്യാശയുടെ വെള്ളിവെളിച്ചം പരക്കാൻതുടങ്ങി. മൂന്നുനാലു മാസങ്ങൾകൊണ്ട് ചെറുതായി പടങ്ങൾ വരയ്ക്കാൻ പഠിച്ചു. പതിയെ അവൾ ഡിസൈനുകൾ വരച്ചുതുടങ്ങി.
മാറാരോഗംമാറിയ അത്ഭുതം
കിടപ്പായപ്പോൾ ഫൈബ്രോമയാൾജിയ രോഗത്തിന്റെ ഗുളിക വേണ്ടത്ര കൈയിൽ സ്റ്റോക്ക് ഇല്ലാതായി. ദിവസം ഒന്നുവീതം കഴിച്ചിരുന്ന ഗുളിക പകുതിയാക്കി. മൂന്നുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡോക്ടറെ ഈ വിവരമറിയിച്ചത്. അപ്പോൾ ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു- എന്നിട്ട് യാതൊരുവിധ കുഴപ്പവും ഉണ്ടായില്ലേ. ഇല്ലെന്നു കേട്ടതോടെ ഗുളിക കാൽഭാഗമാക്കി കുറച്ചുനോക്കാനായിരുന്നു ഡോക്ടറുടെ നിർദേശം.
അങ്ങനെ ചെയ്തു, അതും വിജയമായി. പിന്നീട് മരുന്ന് പൂർണമായും ഉപേക്ഷിക്കാൻ ഡോക്ടർ പറഞ്ഞു. മരുന്നു കഴിക്കാതായിട്ടും രോഗത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായില്ല. അങ്ങനെ അപകടത്തിനുശേഷം ഒരു വലിയ രോഗത്തിൽനിന്ന് അത്ഭുതകരമായ സൗഖ്യം. വർഷം നാലുകഴിഞ്ഞിട്ടും പ്രശ്നങ്ങളൊന്നുമില്ല.
ആശാരിമാർ നിമിത്തമായി
രോഗക്കിടക്കയിൽ തന്നെ കാണാനെത്തുന്നവരോട് സുമ ധാരാളം സംസാരിക്കുമായിരുന്നു. ഒരു ദിവസം ഇവരുടെ വീടിന്റെ മരപ്പണികൾ ചെയ്ത ആശാരിമാർ കാണാനെത്തി- അജയനും സജിയും. യാതൊരു പണിയും ചെയ്യാതെ സുഖമായി കിടക്കുകയാണല്ലേ എന്നായിരുന്നു തമാശയോടെ അവരുടെ ചോദ്യം. തിരികെ പോകും മുന്പ് സുമ അവരോടൊരു സഹായം അഭ്യർഥിച്ചു: "ഞാനൊരു ഡിസൈൻ വരച്ചുവച്ചിട്ടുണ്ട്.
നിങ്ങൾ അതിൽ ഒരു കണ്ണാടി ഉണ്ടാക്കിത്തരാമോ'. ഇതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഡോക്ടറുടെആഗ്രഹമല്ലേ, പരിശ്രമിക്കാം എന്നായിരുന്നു മറുപടി. അവർ പണിയുടെ പുരോഗതി വാട്സാപ്പിലൂടെയും വീഡിയോ കോളിലൂടെയും കാണിച്ചു. മാറ്റങ്ങൾ വരുത്തി. ഒടുവിൽ സ്വപ്നം യാഥാർഥ്യമായി. സന്തോഷം അടക്കാനായില്ല. പിന്നെ ഒരുപാട് ഡിസൈനുകൾ വരച്ചു- സുമ ഓർമിക്കുന്നു.
ഒരു ബ്രാൻഡിന്റെ ജനനം
രോഗക്കിടക്ക സുമയ്ക്ക് പ്രത്യാശയുടെ വഴിവിളക്കായി മാറി. യു ട്യൂബ് നോക്കുന്നതിനിടയിലാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ബംഗാളി യുവാവിനെ കണ്ടത്. അവന്റെ മേൽവിലാസം തപ്പി. നന്പർ കണ്ടുപിടിച്ചു. അതോടെ ചിരട്ടയിൽ ലാന്പുകൾ എന്ന ആശയം പങ്കുവച്ചു. അവനത് സമ്മതിച്ചു.
അതോടെ അതിനുപറ്റുന്ന ഡിസൈനുകൾ തയാറാക്കി. ഒരെണ്ണം അയച്ചു. കൊറിയറിൽ അതുവന്നപ്പോൾ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. പിന്നെ ചിരട്ട ആഭരണങ്ങൾ... ആ ഡിസൈനുകളും അവൻ അതിമനോഹരമായി നിർമിച്ചയച്ചു. എട്ടുമാസംകൊണ്ട് കിടക്കയിൽനിന്ന് എഴുന്നേറ്റപ്പോൾ പുതിയൊരു ബ്രാൻഡ് പിറക്കുകയായിരുന്നു; മിറാൽ ഇൻഡ്യ.
മിറാൽ ഇൻഡ്യ
പേരിന്റെ അർഥം പ്രകാശമുള്ളത്, അത്ഭുതകരം എന്നൊക്കെയാണെങ്കിലും അതൊന്നും അറിഞ്ഞല്ല സുമ തന്റെ ബ്രാൻഡിന് പേരു നൽകിയത്. മിറർ + ലാന്പ് എന്ന ചിന്തയിലായിരുന്നു മിറാൽ എന്നു പേരിട്ടത്. പിന്നീടാണ് ഇതിന്റെ വിശാല അർഥത്തേക്കുറിച്ച് അറിഞ്ഞത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കി ക്കാണുകയും പ്രത്യാശയുടെ പ്രകാശഗോപുരമായി തീരുകയും ചെയ്ത സുമയ്ക്ക് തന്റെ ബ്രാൻഡ് നെയിം "മിറാൽ'എന്നായത് ഒരു ഈശ്വരനിയോഗമാകുമെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
ഇന്ന് 350 ലേറെ ആകർഷകമായ ഡിസൈനുകളിൽ പ്രകൃതിദത്തങ്ങളായ ഉത്പ്പന്നങ്ങളിൽ സുമ കണ്ണാടി, വിളക്കുകൾ എന്നിവ ഒരുക്കുന്നു. ചിരട്ടയിൽ വിളക്കുകൾ ഉണ്ടാക്കുന്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾകൊണ്ട് മനോഹരമായ ആഭരണങ്ങൾ (മാല, കമ്മൽ), കീചെയിനുകൾ എന്നിവ നിർമിക്കുന്നു. സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം ഓർഡറുകൾ ലഭിച്ചു.
ഇപ്പോൾ ജർമനിയിൽ "മിറാൽ യൂറോപ്പ'എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇന്ത്യയിലുടടനീളം ഓണ്ലൈൻ പ്ലാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ഈ 46കാരി കഴിഞ്ഞ മേയ് മാസത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷണൽ ഹൈവേയിൽ നടത്തറ സെന്ററിനുസമീപം മിറാൽ ഷോറൂമും ആരംഭിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്ക്, കലാകാരികൾക്ക് വളർച്ചയ്ക്കു സഹായമാകുന്ന കൂട്ടായ്മയായി മിറാൽ ഇന്ത്യയെ മാറ്റുകയാണ് സുമയുടെ ലക്ഷ്യം. ഭർത്താവിനൊപ്പം ഇരട്ടക്കുട്ടികളായ ആദ്യ, ശ്രീയ (പ്ലസ് വണ് വിദ്യാർഥികൾ), ആര്യ (എട്ടാം ക്ലാസ് വിദ്യാർഥി) എന്നീ മക്കളും അമ്മയ്ക്കു പൂർണപിന്തുണയേകി ഒപ്പമുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഓടുന്ന ട്രെയിനിൽ നിന്നും വൈതർണ പുഴയിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബോയ്സ്ർ സ്വദേശി ഉദയ് വാങ്കാഡ് (32) ആണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി 10നാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉദയ് ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണത്. റെയിൽവേ പാലത്തിന്റെ തൂണിലെ ഇരുമ്പ് കമ്പികളിൽ മറുകെ പിടിച്ചു കിടന്നതിനാൽ ഉദയ് ഒഴുക്കിൽപ്പെടാതെ രക്ഷപ്പെട്ടു.
രാത്രി 10 :15 ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ രമേശ് സിംഗ് ആണ് വെള്ളത്തിലെ അനക്കം ശ്രദ്ധിച്ചത്. ടോർച്ച് വെളിച്ചം കണ്ട ഉദയ് സഹായത്തിനായി നിലവിളിക്കുകയും വെള്ളം തെറിപ്പിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.
ഉദയ്യെ രക്ഷപ്പെടുത്താൻ സഹായത്തിനായി രമേശ് സുഹൃത്തിനെ വിളിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തിയ അദ്ദേഹവും നാട്ടുകാരും ചേർന്ന് ഉദയ്യെ കരയ്ക്കെത്തിച്ചു.
രക്ഷപ്പെടുത്തിയ ശേഷം ഉദയ്യെ വൈതർണ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിക്കുകയും തുടർന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഉദയ് എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Business
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷം ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ വൻ കുറവ്. ഇക്കാലയളവിൽ വളങ്ങൾ, രാസവസ്തുക്കൾ, ഇരുന്പ്, ഉരുക്ക്, കൃത്രിമ നൂൽ, മൊബൈൽ ഫോണുകൾ എന്നിവയടക്കം മിക്ക വസ്തുക്കളുടെയും ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പാർമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വലിയ കുറവുണ്ടായി. 2014-15 സാന്പത്തികവർഷം 48,609 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ചൈനയിൽനിന്ന് ഇന്ത്യയിലെത്തിയത്. എന്നാൽ, 2024-25 സാന്പത്തികവർഷം എത്തിയപ്പോൾ ഇത് വെറും 3,710 കോടി രൂപയുടേതായി ഇടിഞ്ഞു. 92 ശതമാനത്തിന്റെ കുറവാണുണ്ടായത്.
അതേസമയം, ഇന്ത്യയുടെ മൊബൈൽ ഫോണ് കയറ്റുമതി 2014-15 കാലയളവിൽ 1566 കോടി രൂപയായിരുന്നത് 2024-25ൽ 2,05,017 കോടി രൂപയായി വർധിച്ചു.
കഴിഞ്ഞ സാന്പത്തികവർഷം രാസവസ്തുക്കളുടെ ഇറക്കുമതിയിൽ 19.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉരുക്കിന്റെയും സ്റ്റീലിന്റെയും വരവിൽ 10.3 ശതമാനവും കുറവുണ്ടായി. കൃത്രിക നൂൽ ഇറക്കുമതി 9.5 ശതമാനം താഴ്ന്നു.
ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി ജിതിൻ പ്രസാദ വ്യക്തമാക്കി.
Kerala
കണ്ണൂര്: ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം നടന്നത്.
ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിത ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില് ചാലില് തന്സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്.
ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപത്ത് വച്ചാണ് ഇയാൾ തോട്ടിൽ വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഉച്ചയോടെ തോട്ടിനു സമീപത്തിരുന്ന് ആഹാരം കഴിക്കുകയായിരുന്നു രാജപ്പൻ. പിന്നാലെ ഇയാൾ തോട്ടിലേക്കു വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഫയർഫോഴ്സ് തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം. ഷാഫിയും സംഘവുമാണ് ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ തോട്ടിൽനിന്ന് രാജപ്പനെ കരയ്ക്കെത്തിച്ചത്.
എഴുന്നേറ്റ് നിന്നെങ്കിലും കയറിപ്പോരാൻ കഴിയാതിരുന്ന ഇയാളെ റോപ്പ് ഉപയോഗിച്ചാണ് കരയിലേക്കെത്തിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.