ഹിമാചൽപ്രദേശിൽ കൂറ്റൻ പാറകൾ പതിച്ച് തകർന്ന വാഹനം.
സിംല: ഹിമാചൽപ്രദേശിൽ ഓടുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറകൾ പതിച്ച് 13 പേർ മരിച്ചു. ആറു മാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലഹൗൽ-സ്പിത്തി ജില്ലയിൽ ഉദയ്പുർ-പാംഗി റോഡിലായിരുന്നു അപകടം. രണ്ടു പേർ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെട്ടു.
കുള്ളുവിൽനിന്നു കില്ലറിലേക്കു പോയ എസ്യുവിയിൽ 15 പേരാണുണ്ടായിരുന്നത്. കാഡുവിലെത്തിയപ്പോൾ കൂറ്റൻ പാറകൾ പതിച്ച് വാഹനം പൂർണമായും തകരുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. സമീപവാസികളും കരസേനാംഗങ്ങളും ചേർന്നു തീയണച്ചു.
കത്തിയമർന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 13 പേർ മരിച്ചതായി ലഹൗൽ-സ്പിത്തി ഡെപ്യൂട്ടി കമ്മീഷണർ കിരൺ ബദാന സ്ഥിരീകരിച്ചു.
മണ്ഡി ജില്ലയിലെ ഗുമ്മ മേഖലയിൽ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
Tags : Rocks Fall MovingVehicle Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash