അറസ്റ്റിലായ നവാസ്, നിധിൻ, വിഷ്ണു
കണ്ണൂർ: വ്യാജസ്വർണം പണയംവച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമിച്ചു നൽകുന്ന റാക്കറ്റിന്റെ തലവനും വ്യാജസ്വർണം പണയംവയ്ക്കാൻ ശ്രമിച്ച രണ്ടു പേരും പോലീസ് പിടിയിലായി.
മുഖ്യപ്രതി പെരുവളത്തുപറമ്പ് കെ.പി. നവാസ് (49), വ്യാജസ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരെയാണ് കൂത്തുപറമ്പ് എഎസ്പി സിബി ടോം, ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസും കൂത്തുപറമ്പ് എഎസ്പി സ്ക്വാഡും ചേർന്നു പിടികൂടിയത്.
ചാലോടുള്ള മട്ടന്നൂർ അർബൻ സൊസൈറ്റിയിൽ വ്യാജസ്വർണം പണയംവയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിധിനും വിഷ്ണുവും പിടിയിലാകുന്നത്. ബാങ്ക് അധികൃതർ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്നു കണ്ടെത്തിയത്.
സംശയം തോന്നിയ ജീവനക്കാർ ഉടൻ വിവരം പോലീസിൽ അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കേസിലെ മുഖ്യപ്രതിയായ നവാസിനെ പെരുവളത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
നവാസിനു ബംഗളൂരുവിൽനിന്നാണ് വ്യാജ സ്വർണം ലഭിച്ചിരുന്നത്. ഒന്പതു വളകൾ ഇത്തരത്തിൽ ഇയാൾക്കു ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ, പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ വ്യാജ സ്വർണം വില്ക്കുന്ന കണ്ണികളുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നും അന്തർസംസ്ഥാന ബന്ധങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. നവാസിന്റെ മൊബൈൽ ഫോണും ബാങ്ക് ഡീറ്റെയിൽസും പോലീസ് പരിശോധിച്ചുവരികയാണ്.
Tags : RacketLeader FakeGold Pledging Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash