കൊച്ചി: സ്വര്ണക്കടത്തു കേസില് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികളുടെ വിടുതല് ഹര്ജികള് തള്ളിയ എറണാകുളം സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
2013 ല് കൊച്ചി വിമാനത്താവളം വഴി 56 കിലോ സ്വര്ണം കടത്തിയെന്ന കേസില് പ്രതികളായ കസ്റ്റംസ് മുന് ഡെപ്യൂട്ടി കമ്മിഷണര് സി. മാധവന്, അസി. കമ്മിഷണര് ഡോ. എസ്. അനില്കുമാര്, സ്വര്ണക്കടത്ത് സംഘാംഗം അഹമ്മദ് സുഹൈല് എന്നിവര് നല്കിയ റിവിഷന് ഹര്ജികള് തള്ളിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
വകുപ്പുതല നടപടികളില് കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ക്രിമിനല് കേസുകളില്നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നു കോടതി വ്യക്തമാക്കി. പ്രതികള്ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. ആറു മാസത്തിനകം വിചാരണ പൂര്ത്തിയാക്കാനും പ്രത്യേക കോടതിക്ക് നിര്ദേശം നല്കി.
ലക്ഷക്കണക്കിനു രൂപയും എല്ഇഡി ടിവി ഉള്പ്പടെയുള്ള സമ്മാനങ്ങളും കൈപ്പറ്റി 17.86 കോടി രൂപ മൂല്യം വരുന്ന സ്വര്ണം കടത്താന് ഒത്താശ ചെയ്തെന്നാണു ഉദ്യോഗസ്ഥര്ക്കെതിരായ ആരോപണം.
പ്രതി സി. മാധവന് സ്വര്ണക്കടത്തിനു സൗകര്യമൊരുക്കിയെന്നും എസ്. അനില്കുമാര് തന്റെ വിവാഹ ആവശ്യങ്ങള്ക്കായി പ്രതികളില്നിന്നു വാഹനം ഉള്പ്പടെയുള്ള സഹായങ്ങള് സ്വീകരിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുള്ളതായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.