തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസായ സെന്‍സസ് 2027ന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള 15 ദിവസത്തെ സെല്‍ഫ് എന്യൂമറേഷന് ഇന്ന് ആരംഭിക്കും.
ഇന്നു മുതല്‍ 15 ദിവസം പൊതുജനങ്ങള്‍ക്ക് https://se. census.gov.in/ എന്ന പോര്‍ട്ടല്‍ വഴി കുടുംബ വിവരങ്ങള്‍ നേരിട്ട് സമര്‍പിക്കാനാകും. സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിക്കും. വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ വിവരങ്ങള്‍, കുടുംബത്തിന് ലഭ്യമായ സൗകര്യങ്ങള്‍, കുടുംബത്തിന് കൈവശമുള്ള ആസ്തികള്‍, മറ്റുള്ളവ എന്നിങ്ങനെ 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്.
സെന്‍സസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നു സെന്‍സസ് സ്റ്റേറ്റ് നോഡല്‍ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ കേരളത്തില്‍ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് നടത്തുക.
ഭവന സെന്‍സസിനായി അധ്യാപകരടക്കം 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് ഓരോ എന്യൂമറേറ്റര്ക്കും ചുമതല നല്‍കിയിരിക്കുന്നത്. ആറ് എന്യൂമറേറ്റര്‍മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലാണ് ക്രമീകരണം.
അടഞ്ഞു കിടക്കുന്ന നിരവധി വീടുകളാണ് സംസ്ഥാനത്തുള്ളത്. അടഞ്ഞുകിടക്കുന്ന വീടുകളില്‍ എന്യൂമറേറ്റര്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കും. അയല്‍വാസിയില്‍നിന്ന് നമ്പര്‍ ശേഖരിച്ച് ഫോണില്‍ വിവരങ്ങള്‍ തിരക്കുന്നതിനും ശ്രമിക്കും. ഒരു രീതിയിലും വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ‘പൂട്ടിക്കിടക്കുന്നു’ എന്ന് രേഖപ്പെടുത്തി നടപടികള്‍ അവസാനിപ്പിക്കും. എന്യൂമറേറ്റര്‍മാര്‍ വീട്ടില്‍ വരുന്ന ഘട്ടങ്ങളില്‍ കൃത്യവും വ്യക്തവുമായ ഉത്തരം നല്കാന് ജനങ്ങള്‍ ബാധ്യസ്ഥരാണ്. വിവരം നല്‍കാതിരിക്കുന്നത് നിയമപ്രകാരം തടവിനും പിഴയ്ക്കും വരെ കാരണമാകാം.
സെന്‍സസുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭാരത രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയമാണ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള ഏകോപന ചുമതല ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിനാണ്. പൊതുഭരണ വകുപ്പാണ് സംസ്ഥാനത്തെ നോഡല്‍ വകുപ്പ്. ഓരോ ജില്ലയിലെയും സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരെന്ന നിലയില്‍ നിര്‍വഹിക്കും
സെല്‍ഫ് എന്യൂമറേഷന് ചെയ്യാം
സെല്‍ഫ് എന്യുമറേഷന് ചെയ്യുന്നതിനായി വിവരങ്ങള്‍ നല്കുന്നയാള് സ്വന്തം മൊബൈല്‍ നമ്പരും മറ്റ് അവശ്യ വിവരങ്ങളും നല്കി സെല്‍ഫ് എന്യൂമറേഷന് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. അടുത്ത സ്ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നല്കി സ്ഥിരീകരിക്കണം. തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കാം. മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി മാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് ചോദ്യങ്ങളിലേക്കുള്ള വിന്‍ഡോ തുറക്കും.
ആകെ 34 ചോദ്യങ്ങളിലാണ് വിവരശേഖരണം നടക്കുക. ഇതില്‍ ഒന്നാമത്തെ ‘ലൈന്‍ നമ്പര്‍’ നേരത്തേ തന്നെ തെളിഞ്ഞിട്ടുണ്ടാകും. ശേഷിക്കുന്ന 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. കുടുംബനാഥനോ മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ക്കോ ആ വീട്ടില്‍ സാധാരണ താമസിക്കുന്ന എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഇതില്‍ കെട്ടിട നമ്പര്‍, സെന്‍സസ് ഹൗസ് നമ്പര്‍, സെന്‍സസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സെല്‍ഫ് എന്യൂമറേഷനില്‍ നല്‍കേണ്ടതില്ല. ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക.
സെന്‍സസ് സമയപരിധിയില്‍ വീട്ടില്‍ താമസിക്കുന്നവരെ മാത്രമേ വീട്ടുകാര്‍ എന്ന പരിഗണനയില്‍ ഉള്‍പ്പെടുത്താന്‍ പാടുളളൂ. കുടുംബനാഥനാണെങ്കിലും പ്രവാസിയാണെങ്കില്‍ കണക്കെടുക്കില്ല. പഠനാവശ്യത്തിനായി മറ്റിടത്ത് സ്ഥിര താമസമുള്ളയാളെയും ആ വീട്ടിലെ അംഗമായി പരിഗണിക്കില്ല. ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഒരു എസ്ഇ ഐഡി രൂപീകരിക്കപ്പെടുകയും അത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് അയയ്ക്കുകയും ചെയ്യും. ഈ എസ്ഇ ഐഡി എന്യൂമറേറ്റര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശന സമയത്ത് കൈമാറണം. വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം എന്യൂമറേറ്റര്‍ അത് സെന്‍സസ് ഡേറ്റാബേസിലേക്ക് അപ് ലോഡ് ചെയ്യും. അതേസമയം സെല്‍ഫ് എന്യൂമറേഷന് നിര്‍ബന്ധമല്ല.
സ്വയം വിവരശേഖരണത്തിനുള്ള പോര്‍ട്ടല്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ലഭ്യമാകൂ എന്ന പ്രത്യേകതയുണ്ട്.
അതായത് വിദേശത്തുനിന്ന് സെല്‍ഫ് എന്യൂമറേഷന് ചെയ്യാന്‍ സാധിക്കില്ല. കെട്ടിടങ്ങളെ സാധാരണ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് എന്യൂമറേഷന് നടക്കുക. കുടുംബങ്ങളെന്ന നിലയിലുള്ള സാധാരണ വീടുകള്‍ക്കാണ് സെല്‍ഫ് എന്യൂമറേഷന് ബാധകമാവുക. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ ജൂലൈ ഒന്നിന് ശേഷം എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ സമാഹരിക്കും. അതുപോലെ അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവയെയും സ്ഥാപനങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തി ജൂലൈ ഒന്നിന് ശേഷം വിവരങ്ങള്‍ ശേഖരിക്കും.
കുടുംബാംഗം എന്നാല്‍
ഒരു മേല്‍ക്കൂരയ്ക്കു താഴെ ഒരുമിച്ച് താമസിക്കുകയും ഒരേ അടുക്കളയില്‍നിന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നവരെയാണ് കുടുംബാംഗങ്ങള്‍ എന്ന പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നത്. വീട്ടുജോലിക്കാരി കുടുംബത്തോടൊപ്പം താമസിക്കുന്നയാളും അതേ അടുക്കളയില്‍നിന്നും ഭക്ഷണം കഴിക്കുന്നയാളുമാണെങ്കില് അവരും വീട്ടിലുള്ളയാള്‍ എന്ന പരിഗണനയില്‍ വരും. വാടക വീട്ടിലാണെങ്കില്‍ അത് പ്രത്യേകം രേഖപ്പെടുത്തണം.
ഇനി വാടക വീട്ടില്‍ താമസിക്കുന്നവരും എന്നാല്‍ മറ്റെവിടെയെങ്കിലും സ്വന്തമായി വീടുള്ളവരുമാണെങ്കില് ഓപ്ഷനുകളില്നിന്നും ‘വാടകയ്ക്ക് താമസിക്കുന്നു, എന്നാല്‍ സ്വന്തമായി വീടുണ്ട്’ എന്ന് രേഖപ്പെടുത്തണം. അത് മാതാപിതാക്കളുടെ പേരിലുള്ള കുടുംബവീടോ അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമായി വാങ്ങിയതോ ആണെങ്കിലും ശരി. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും നിര്‍മാണത്തിലിരിക്കുന്ന നിര്‍മിതികളിലും കഴിയുന്നവര്‍, അനധികൃത വീടുകളില്‍ താമസിക്കുന്നവര്‍, അല്ലെങ്കില്‍ തൊഴിലുടമകള്‍ സൗജന്യമായി നല്‍കിയിട്ടുള്ള താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ ‘മറ്റുള്ളവ’ എന്ന ഓപ്ഷന് തെതിരഞ്ഞെടുക്കണം.
സെന്‍സസിന് ഡിജിറ്റല്‍ ടൂള്‍സ്
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസിനാണ് ഇന്നു തുടക്കമാകുന്നത്. വെബ് മാപ്പിംഗ് എന്ന അപ്ലീക്കേഷന്‍ ഉപയോഗിച്ചാണ് ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് രൂപീകരണം നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ സെന്‍സസ് 2027 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാകും സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുക. സെന്‍സസ് 2027ന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സെന്‍സെസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം എന്ന വെബ് അധിഷ്ഠിത പോര്‍ട്ടല്‍ ആണ് ഉപയോഗിക്കുക.
ആദ്യം സെന്‍സസ് നടന്നത് 1872!
ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കു സംബന്ധവുമായ പ്രവര്‍ത്തനങ്ങളിലൊന്നായാണ് ഭാരതത്തിലെ സെന്‍സസ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന് ലിസ്റ്റില്‍ 69-ാം ക്രമനമ്പരായാണ് സെന്‍സസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1948ലെ സെന്‍സസ് നിയമവും 1990ലെ സെന്‍സസ് ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. 150 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെന്‍സസ് ആദ്യമായി 1872ലും അവസാനമായി 2011ലുമാണ് നടന്നത്. സെന്‍സസ് 2027 ഈ പരമ്പരയിലെ 16-ാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്.
Tags : Digital Census Kerala July Self-enumeration