ടെൽ അവീവ്: ലബനനിൽനിന്ന് പിൻവാങ്ങില്ലെന്ന് ഇസ്രയേൽ. ഇറാൻ-അമേരിക്ക ഇടക്കാല ധാരണയുടെ ഭാഗമായി ലെബനനിലെ പിടിച്ചെടുത്ത പ്രദേശത്തുനിന്നു പിൻവാങ്ങില്ലെന്ന് ഇസ്രേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു.
ജനീവയിൽ ഇറാൻ-അമേരിക്ക സമാധാനക്കരാർ ഒപ്പിടാനിരിക്കെയാണ് ഇസ്രയേലിന്റെ പ്രതികരണം. ലബനനിലെ തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങളിലും സിറിയയിലും ഗാസയിലും തുടരാനാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. ലബനനിലെ ഇസ്രേലി ആക്രമണങ്ങളുടെ പേരിൽ ഇറാൻ ആക്രമിച്ചാൽ, ശക്തമായി തിരിച്ചടിക്കുമെന്നും കാട്സ് ഭീഷണിപ്പെടുത്തി.
സുരക്ഷാ മേഖലകളിൽനിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിക്കും. ഭീകരകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഗ്രാമങ്ങളിലെ വീടുകളുൾപ്പെടെ, ഭൂമിക്കു മുകളിലും താഴെയുമുള്ള ഭീകരരുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യം യുഎസ് പ്രസിഡന്റ് ട്രംപിനോടും മറ്റ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ സുരക്ഷാ താല്പര്യങ്ങളിലും പൗരന്മാരുടെ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യില്ല. സുരക്ഷാ മേഖലകളിൽനിന്ന് തങ്ങൾ പിന്മാറുകയില്ലെന്ന് കാട്സ് പറഞ്ഞു.
ട്രംപിന്റെ കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ കീഴിലല്ല തങ്ങളെന്നും ദേശീയസുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു. അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങിയ ഓരോ തവണയും പലിശയോടെ രക്തം ചിന്തേണ്ടിവന്നിട്ടുണ്ടെന്നും ബെൻ ഗ്വിർ പറഞ്ഞു. ഓസ്ലോ ഉടമ്പടിയിൽ അതാണു സംഭവിച്ചത്.
2006ലെ ലബനൻ കരാറിലും അതു ശരിയായിരുന്നു, ഗാസയിലെ എല്ലാ കാലഘട്ടത്തിലും അത് ശരിയായിരുന്നു ഇസ്രേലി ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞു. ഞങ്ങൾ അമേരിക്കയെ സ്നേഹിക്കുന്നു, പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ട്.
എന്നിരുന്നാലും, ഇസ്രയേൽ ഒരു ബനാന റിപ്പബ്ലിക് അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ-അമേരിക്ക കരാറിൽ നെതന്യാഹു മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നെതന്യാഹു നിലപാട് വ്യക്തമാക്കിയിട്ടില്ല.
Tags : Israel Lebanon not withdraw Israel Katz