റിയോ ഡി ഷാനിറോ: പ്രശസ്ത അമേരിക്കൻ ആൾട്ട്-പോപ്പ് സംഗീതജ്ഞനും സോഷ്യൽ മീഡിയ താരവുമായ ഒലിവർ ട്രീ (32) ഉൾപ്പെടെ ആറു പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
ബ്രസീലിലെ റിയോ ഡി ഷാനിറോയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളിലൊന്ന് കാർ പാർക്കിംഗിലേക്ക് വീണ് 20 വാഹനങ്ങൾ കത്തിനശിച്ചു. അന്താരാഷ്ട്ര മ്യൂസിക് ടൂറിന്റെ ഭാഗമായി ബ്രസീലിൽ എത്തിയതായിരുന്നു ഒലിവർ ട്രീ.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. അർജന്റീനിയൻ യുട്യൂബറായ ഗാസ്പി എന്നറിയപ്പെടുന്ന ഗാസ്പർ പ്രിം ഡയസും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ലൂക്കാസ് ബ്രിട്ടോ ഷാവേസ്, ലൂക്കാസ് വിഗ്നാലെ, പൈലറ്റ് അലക്സാണ്ടർ സൗസ എന്നിവരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർ. രണ്ടാമത്തെ ഹെലികോപ്റ്ററിൽ പൈലറ്റായ ചാൾസ് മാർസിലാക് മാത്രമാണുണ്ടായിരുന്നത്.