കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ മൈതാനങ്ങൾ തമ്മിലുള്ള ആകാശദൂരത്തിൽ മലയാളി ടച്ച്. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ, സ്റ്റേഡിയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാര്ട്ടേഡ് വിമാന സര്വീസുകളുടെ അമരക്കാരൻ പിറവം സ്വദേശിയായ ഷോബി ടി. പോൾ.
ഷോബി ടി. പോളിന്റെ നേതൃത്വത്തിലുള്ള ഹാലോ എയര്വേസിനാണ് ലോകകപ്പിലെ ചാര്ട്ടേഡ് വിമാന സര്വീസുകളുടെ ചുമതല. ലോകകപ്പ് സര്വീസിനായി നാല് വിമാനങ്ങളാണ് ഷോബിയുടെ കന്പനി ഇറക്കിയിരിക്കുന്നത്.
ഏഴ് സീറ്റുള്ള സെസ്ന സൈറ്റേഷന് സിജെ2, എട്ടു സീറ്റുള്ള എംബ്രേയര് ഫെനോം 300, ഒന്പത് സീറ്റുള്ള സെസ്ന സൈറ്റേഷന് 10, പ്രീമിയം ലോംഗ്-റേഞ്ച് ഓപറേഷന്സിനായി 13 സീറ്റുള്ള ഒരു ഗള്ഫ്സ്ട്രീം ജി 550 എന്നീ വിമാനങ്ങളാണ് കമ്പനി ലോകകപ്പ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.
യുഎസില് ന്യൂയോര്ക്ക് (ജെഎഫ്കെ) മയാമി, ലോസ് ആഞ്ചലസ്, സിയാറ്റിൽ-ടകോമ, ബോസ്റ്റണ് ലോഗന്, ഡാളസ്-ഫോര്ട് വര്ത്ത്, അറ്റ്ലാന്റ് ഹാര്ട്സ്ഫീല്ഡ് ജാക്സണ് എന്നീ വിമാനത്താവളങ്ങളും കാനഡയില് ടൊറന്റോ, വാന്കൂവര്, മെക്സിക്കോയില് മെക്സിക്കോ സിറ്റി എന്നീ അന്തര്ദേശീയ വിമാനത്താവളങ്ങളും ബന്ധിപ്പിച്ചാണു സേവനം.
2012ല് കൊച്ചി ആസ്ഥാനമായാണു ഷോബി ഹാലോ എയർവേസിനു തുടക്കമിട്ടത്. പിന്നീട് ബംഗളൂരു, ഡല്ഹി നഗരങ്ങളിലേക്കു വളർന്നു. യൂറോപ്പ്, ഫാര് ഈസ്റ്റ്, മിഡില് ഈസ്റ്റ് രാജ്യങ്ങളിലേക്ക് സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയില് ഇതാദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ന്യൂയോര്ക്കില് നിന്ന് ഷോബി ടി. പോള് അറിയിച്ചു.
യുഎസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായുള്ള സഹകരണവും ലോകകപ്പ് സര്വീസുകൾക്കുണ്ട്. കൊച്ചി സ്വദേശി ക്യാപ്റ്റൻ വിബിന് വിന്സന്റ് മുഖ്യപ്രമോട്ടറായ റോയല്റ്റി ഏവിയേഷൻ ഷോബിയുടെ സർവീസിനോടു സഹകരിക്കുന്നു. സർവീസിന്റെ അനുമതികള്, ഗ്രൗണ്ട് ഹാന്ഡ്ലിംഗ്, ലോജിക്കല് അസിസ്റ്റന്സ് എന്നിവയാണ് പ്രാദേശിക സ്ഥാപനങ്ങള് നല്കുന്നതെന്ന് ഷോബി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്, നിര്മല സീതാരാമന്, പീയുഷ് ഗോയൽ, പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, കര്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയന്, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സഞ്ജു സാംസണ് തുടങ്ങിയവർ ഷോബി ടി. പോളിന്റെ ഹാലോ എയര്വേസ് സേവനം ഉപയോഗിച്ചിട്ടുണ്ട്.
Tags : Malayali plane World Cup flying Shobi T Paul