തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സൗജന്യ യാത്രയിലൂടെ സ്ത്രീകളുടെ വരുമാനത്തിലും ജീവിതത്തിലും ഗുണപരമായ മാറ്റം ഉണ്ടാകും.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോണ്സർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കെഎസ്ആർടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, ജനങ്ങൾ സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി കെ.എ. തുളസി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എംഎൽഎമാരായ എൻ. ശക്തൻ, എം. വിൻസന്റ്, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗണ്‍സിലർ സി. ഹരികുമാർ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.