ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ ഞെട്ടിച്ച് ജപ്പാൻ. ആവേശപ്പോരാട്ടത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചാണ് ജപ്പാൻ തങ്ങളുടെ വരവറിയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ നാല് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ 59 ശതമാനം പന്തടക്കവുമായി നെതർലൻഡ്സ് തന്നെയാണ് കളം നിറഞ്ഞത്. ഡോണിയൽ മലനിലൂടെ ഡച്ച് പട രണ്ടു മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ജപ്പാൻ പ്രതിരോധം കോട്ട കാത്തു.
എന്നാൽ 50-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ ഫ്രീക്കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹെഡ് ചെയ്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് നെതർലൻഡ്സിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ ആ ഗോൾ ആഘോഷം നീണ്ടുനിന്നത് ഏഴു മിനിറ്റ് മാത്രമായിരുന്നു.
57-ാം മിനിറ്റിൽ ടാകെഫുസ കുബോ ഡച്ച് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് കെയ്റ്റോ നകാമുറ ജപ്പാന്റെ സമനില ഗോൾ നേടി. തുടർന്ന് കളി വീണ്ടും മുറുകിയതോടെ 64-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ അസിസ്റ്റിൽ നിന്ന് ഒരു കിടിലൻ ഇടതു കാൽ വോളിയിലൂടെ ക്രൈസൻസിയോ സമ്മർവിൽ നെതർലൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു.
ഡച്ചുകാർ വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച നിമിഷത്തിലാണ് ജപ്പാന്റെ അടുത്ത പ്രഹരമെത്തിയത്. മത്സരം അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദ ജപ്പാന്റെ രക്ഷകനായി അവതരിച്ചു. ബോക്സിലെ പിഴവുകൾ മുതലെടുത്ത് കമദ പന്ത് വലയിലെത്തിച്ചതോടെ ജപ്പാൻ അർഹിച്ച സമനിലയുമായി കളംവിട്ടു.
Tags : fifa world cup football netherlands japan