Sports
പെര്ത്ത്: എഎഫ്സി വനിതാ ഏഷ്യന് കപ്പ് ഫുട്ബോള് ഗ്രൂപ്പ് ഘട്ടത്തില് ഇന്ത്യക്കു ദയനീയ തോല്വി. ലോക എട്ടാം റാങ്കുകാരായ ജപ്പാനോട് 11-0ന് ഇന്ത്യ പരാജയപ്പെട്ടു.
ജപ്പാനുവേണ്ടി ഹിനാത മിയാസവയും റിക്കൊ യൂകിയും ഹാട്രിക്ക് സ്വന്തമാക്കി. ഗ്രൂപ്പ് സിയില് തുടര്ച്ചയായ രണ്ടാം തോല്വിയോടെ ഇന്ത്യ പുറത്തായി. ജപ്പാന് ക്വാര്ട്ടറില് പ്രവേശിച്ചു.
Business
ന്യൂഡൽഹി/ടോക്കിയോ: ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ വലയുന്ന ജപ്പാൻ, തങ്ങളുടെ വ്യവസായ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കൾക്കായി (Rare Earth Elements) ഇന്ത്യയുമായി കൈകോർക്കുന്നു.
രാജസ്ഥാനിൽ അടുത്തിടെ കണ്ടെത്തിയ വൻതോതിലുള്ള ധാതു നിക്ഷേപം സംയുക്തമായി ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ കാന്തികശക്തിയുള്ള ധാതുക്കളുടെ കാര്യത്തിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്റെ പ്രധാന ലക്ഷ്യം.
രാജസ്ഥാനിലും ഗുജറാത്തിലുമായി ഏകദേശം 12.9 ലക്ഷം മെട്രിക് ടൺ അപൂർവ ധാതുശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഈ നിക്ഷേപങ്ങൾ വേർതിരിച്ചെടുക്കുന്നതിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കലില്ലാത്ത സങ്കീർണമായ ഖനന സാങ്കേതികവിദ്യകൾ കൈമാറുന്നതിനു പകരമായി, ഉത്പാദിപ്പിക്കുന്ന ധാതുക്കളുടെ ഒരു നിശ്ചിത വിഹിതം തങ്ങൾക്ക് ഉറപ്പാക്കണമെന്നാണ് ജപ്പാന്റെ ആവശ്യം. ഇതിന്റെ ഭാഗമായി ജപ്പാനിൽനിന്നുള്ള വിദഗ്ധ സംഘം ഉടൻ രാജസ്ഥാൻ സന്ദർശിക്കുമെന്നാണ് സൂചന.
ജപ്പാനും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കം വേഗത്തിലാകുന്നത്. ജപ്പാൻ സൈന്യത്തിന് സാമഗ്രികൾ വിതരണം ചെയ്യുന്ന 20 കമ്പനികൾക്ക് കഴിഞ്ഞ ആഴ്ച ചൈന കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ പ്രധാനപ്പെട്ട ഏഴ് അപൂർവ ധാതുക്കൾ ജപ്പാന് ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ജപ്പാൻ കാണുന്നു.
അപൂർവ ധാതുക്കൾക്കു പുറമെ, ആഫ്രിക്കൻ രാജ്യങ്ങളിലെ ലിഥിയം, കോബാൾട്ട് ശേഖരങ്ങൾക്കായി ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ജപ്പാന് പദ്ധതിയുണ്ട്.
International
ടോക്കിയോ: ജപ്പാനിലെ ജനനനിരക്ക് തുടർച്ചയായ പത്താം വർഷവും താഴേക്ക്. 2025ൽ 7.05 ലക്ഷം കുട്ടികളുടെ ജനനമാണു രേഖപ്പെടുത്തിയത്. 2024നെ അപേക്ഷിച്ച് 2.1 ശതമാനം കുറവ്.
ജപ്പാനിൽ ജനിച്ച വിദേശികൾ അടക്കമുള്ള കുട്ടികളുടെയും വിദേശത്തു ജനിച്ച കുട്ടികളുടെയും എണ്ണം ഉൾപ്പെടെയാണിത്.
നാലാമത്തെ വലിയ സാന്പത്തികശക്തിയായ ജപ്പാൻ ലോകത്ത് ജനനനിരക്ക് ഏറ്റവും താഴ്ന്ന രാജ്യമാണ്. വയോധികരുടെ എണ്ണം വർധിക്കുന്നതിനൊപ്പം തൊഴിലെടുക്കാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
International
ടോക്കിയോ: ജപ്പാനിൽ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട് 45 പേർ മരിച്ചു. ജനുവരി 20 മ ുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയിൽ മാത്രം 17 മരണങ്ങളുണ്ടായി.
170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ജപ്പാന്റെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
International
ടോക്കിയോ: നാളെ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചിക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ ട്രംപ്. പ്രധാനമന്ത്രി തകായിച്ചിക്ക് കരുത്തുറ്റ പിന്തുണ വേണമെന്നും അതു നല്കുന്നതു ബഹുമതിയായി താൻ പരിഗണിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.
തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്ന തകായിച്ചിക്കു ട്രംപിന്റെ പിന്തുണ കൂടുതൽ കരുത്തു പകരും. തകായിച്ചിയും അവരുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നല്കുന്ന സഖ്യവും 465 അംഗ പാർലമെന്റിൽ 300 സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പ്രവചനം. നിലവിൽ നാമമാത്ര ഭൂരിപക്ഷമാണുള്ളത്.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി അധികാരത്തിലേറി മാസങ്ങൾക്കകം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അഭിപ്രായ സർവേകളിലെ ജനപിന്തുണ വോട്ടാക്കി മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. സമീപകാലത്ത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വൻ പരാജയങ്ങൾ നേരിട്ടിരുന്നു.
ഇതിനിടെ, ട്രംപ് വിദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കുന്ന ഹംഗറിയിലെ പ്രധാനമന്ത്രി വിക്തർ ഓർബാനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യാഴാഴ്ച അറിയിച്ചിരുന്നു.
ട്രംപും തകായിച്ചിയും തമ്മിലുള്ള നല്ല ബന്ധത്തെ ജാപ്പനീസ് നിക്ഷേപ, വ്യവസായസമൂഹം പോസിറ്റീവായാണു കാണുന്നത്.
International
ടോക്കിയോ: വടക്കൻ ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം താറുമാറായി. ജപ്പാനിലുടനീളം 35 പേർ മരിച്ചതായും 393 പേർക്ക് പരിക്കേറ്റതായുമാണു റിപ്പോർട്ട്.
നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 2 മീറ്റർ വരെ മഞ്ഞുവീഴ്ചയാണുണ്ടായിട്ടുള്ളത്. ഇതുമൂലം സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വായുവാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണം. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും ഓടുന്നില്ല. 1,700ലധികം വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി.
റോഡിലെ മഞ്ഞുവീഴ്ച കാരണം ആംബുലൻസും ഫയർ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദുരിതമേഖലയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അമോറി ഗവർണർ സോയിചിരോ മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
International
ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചി കാലാവധി തീരും മുന്പേ പാർലമെന്റ് പിരിച്ചുവിട്ടു.
ഫെബ്രുവരി എട്ടിനു തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു റിപ്പോർട്ട്. തകായിച്ചിയുടെ ജനപിന്തുണ വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണു നടപടി.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി മൂന്നു മാസം മുന്പാണ് അധികാരമേറ്റത്. തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സമീപകാല തെരഞ്ഞെടുപ്പുകളിൽ വളരെ മോശം പ്രകടനമാണു കാഴ്ചവച്ചത്.
അതേസമയം, മൂന്നുമാസത്തെ പ്രകടനംകൊണ്ടുതന്നെ തകായിച്ചി വലിയ ജനപ്രിയ നേതാവായി. 70 ശതമാനം ജനപിന്തുണ അവർക്കുണ്ടെന്നാണു സർവേകൾ പറയുന്നത്.
International
ടോക്കിയോ: 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനസജ്ജമാക്കാൻ ജപ്പാൻ ഒരുങ്ങുന്നു. ലോകത്തെ ഞെട്ടിച്ച ഫുകുഷിമ ദുരന്തത്തെത്തുടർന്നു രാജ്യവ്യാപകമായി ആണവോർജ നിലയങ്ങൾ അടച്ചുപൂട്ടിയതിന് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് പുതിയ നീക്കം.
സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കേ, നീഗാത്ത പ്രവിശ്യയിലെ കാഷിവാസക്കി-കരിവ പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരികയാണെന്നും ബുധനാഴ്ച വൈകുന്നേരം ഏഴോടെ പ്ലാന്റ് തുറന്നു പ്രവർത്തിക്കാനും ലക്ഷ്യമിടുന്നതായി ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു.
ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ടെപ്കോ നിയന്ത്രിച്ചിരുന്ന ഫുകുഷിമ ആണവനിലയത്തിൽ 2011-ലുണ്ടായ ട്രിപ്പിൾ മെൽറ്റ്ഡൗൺ ആണ് (റിയാക്ടറുകൾ ഉരുകിയുണ്ടായ അപകടം) രാജ്യത്തിന് ആണവോർജ നിലയങ്ങളിലുണ്ടായിരുന്നു വിശ്വാസം തകർത്തത്.
കാഷിവാസക്കി-കരിവയിലെ ഏഴ് റിയാക്ടറുകളിൽ ഒന്ന് മാത്രമാണ് ബുധനാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്ലാന്റ് പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ 8.2 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും. ദശലക്ഷക്കണക്കിനു വീടുകൾക്കു വൈദ്യുതി നൽകാൻ സഹായിക്കും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജപ്പാൻ കടലിന്റെ തീരത്ത് നീഗാത്തയിലായാണ് ഈ പ്ലാന്റ് വ്യാപിച്ചു കിടക്കുന്നത്.
കാഷിവാസക്കി-കരിവ പ്രവർത്തനക്ഷമമായ 33 ആണവനിലയങ്ങളിൽ വീണ്ടും തുറക്കുന്നതിൽ പതിനഞ്ചാമത്തെ പ്ലാന്റാണ്. 2011ലെ ദുരന്തത്തെത്തുടർന്ന് ജപ്പാനിലെ 54 ആണവ റിയാക്ടറുകളും അടച്ചുപൂട്ടിയിരുന്നു.
ടെപ്കോയ്ക്കും ജപ്പാനിലെ ന്യൂക്ലിയർ റെഗുലേഷൻ അഥോറിറ്റിക്കും പ്ലാന്റ് വീണ്ടും തുറക്കുന്നതിനെ എതിർക്കുന്ന സംഘടനകൾ 40.000 പേരുടെ ഒപ്പിട്ട പരാതി സമർപ്പിച്ചു. പ്രവർത്തനക്ഷമമാക്കാൻ സാധിക്കുന്ന റിയാക്ടറുകൾ തുറക്കുന്നതിനൊപ്പം പുതിയ റിയാക്ടറുകൾ നിർമിക്കാനും
പ്രധാന മന്ത്രി സനയ് തകായ്ചി നിർബന്ധിക്കുന്നുണ്ട്.
International
ടോക്യോ: ജപ്പാനിലെ ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ ഫോൺ ചൈനയിൽ. ഉദ്യോഗസ്ഥന്റെ സ്വകാര്യ ചൈന സന്ദർശനത്തിനിടെയാണ് സംഭവം.
ഉദ്യോഗസ്ഥൻ അതീവ സുരക്ഷാ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഫോൺ നഷ്ടപ്പെടുത്തിയതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂക്ലിയർ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ രഹസ്യ കോൺടാക്റ്റ് വിവരങ്ങളാണ് ഈ ഫോണിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
2011-ലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ആണവോർജ്ജ പദ്ധതികൾ ജപ്പാൻ വീണ്ടും ആരംഭിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം രാജ്യത്തെ റിയാക്ടറുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിനും സുരക്ഷാ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമാണ് ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (എൻഎർഎ) രൂപീകരിച്ചത്.
നവംബർ മൂന്നിന് ചൈനയിലേക്കുള്ള സ്വകാര്യ യാത്രയിൽ ഷാംഗ്ഹായ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഫോൺ നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം ഫോൺ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് വിമാനത്താവളത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഭീകരവാദ ഭീഷണികളിൽ നിന്നും മോഷ്ടാക്കളിൽ നിന്നും ആണവ സാമഗ്രികളെ സംരക്ഷിക്കുന്ന വിഭാഗത്തിലാണ് ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് എൻആർഎ രാജ്യത്തെ പേഴ്സണൽ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ കമ്മീഷനിൽ റിപ്പോർട്ട് ചെയ്യുകയും ജോലി സംബന്ധമായ ഫോണുകൾ വിദേശയാത്രകളിൽ കൊണ്ടുപോകരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജപ്പാനിലെ ആണവ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ വീഴ്ചകളുടെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
Kerala
ടോക്യോ: പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, എന്നാൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ജപ്പാനിലെ ഷിമാനെ പ്രവിശ്യയിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ മാറ്റസ്യൂവിലും അയൽ സംസ്ഥാനമായ ടോട്ടൊറിയിലെ ചില നഗരങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം എന്ന് കണ്ടെത്തി. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഷിമാനെ ആണവനിലയത്തിലോ അനുബന്ധ സൗകര്യങ്ങളിലോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി വ്യക്തമാക്കി. ലോകത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.
International
ടോക്കിയോ: ജപ്പാനിൽ പുതുവർഷത്തിൽ നടത്താറുള്ള ശ്രദ്ധേയമായ മത്സ്യലേലത്തിൽ ഇക്കുറി ട്യൂണ മത്സ്യം വിറ്റുപോയത് റിക്കോർഡ് തുകയ്ക്ക്.
ടോക്കിയോ മത്സ്യമാർക്കറ്റിൽ ഇന്നലെ നടന്ന ലേലത്തിൽ 243 കിലോ ഭാരമുള്ള ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ വിറ്റുപോയത് ഏകദേശം 24 കോടി രൂപ (510.3 ദശലക്ഷം യെൻ) യ്ക്കാണ്.
ജപ്പാനിലെ പുതുവർഷ മത്സ്യലേലത്തിൽ ഒരു മത്സ്യത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശാഖകളുള്ള പ്രമുഖ ഹോട്ടൽശൃംഖലയായ സുഷി സാൻമായ് ഗ്രൂപ്പിന്റെ ഉടമകളായ കിയൊമുറ കോർപറേഷനാണ് ട്യൂണയെ മോഹവിലയ്ക്കു വാങ്ങിയത്.
ഒരു മോട്ടോർ ബൈക്കിന്റെ വലിപ്പമാണ് ഈ ട്യൂണയ്ക്കുള്ളത്. കഴിഞ്ഞ വർഷം ആറര കോടി രൂപ നൽകിയാണ് 238 കിലോ ഭാരമുള്ള ട്യൂണ മത്സ്യം ഇതേ ഹോട്ടൽഗ്രൂപ്പ് സ്വന്തമാക്കിയത്.
സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ടോർപ്പിഡോ ആകൃതിയാണ് ഇവയ്ക്കുള്ളത്. 40 വര്ഷം വരെ ആയുസുണ്ട്.
മത്സ്യത്തൊഴിലാളികളുടെ വലകളിൽനിന്നു വഴുതി മാറി വേഗതയില് സഞ്ചരിക്കുന്ന ഇവയെ പിടികൂടാനാകുന്നത് ഭാഗ്യമായാണ് കരുതുന്നത്.
International
ടോക്കിയോ: ജപ്പാനിലെ നോഡയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു.
വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
International
ടോക്കിയോ: ജപ്പാനിലുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 30 പേർക്കു പരിക്കേറ്റു. അമോലി മേഖലയിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി.
കരയിൽനിന്ന് 80 കിലോമീറ്റർ അകലെ കടലിലാണു പ്രഭവകേന്ദ്രം. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ ഭൂകന്പം ഉണ്ടായേക്കാം എന്നാണു മുന്നറിയിപ്പ്. ജനങ്ങൾ ഒരാഴ്ച ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
International
ടോക്കിയോ: കരടികളെ കൊല്ലാൻ നായാട്ടുവിദഗ്ധരെ നിയോഗിക്കുന്നതിനെക്കുറിച്ച് ജപ്പാനിൽ ആലോചന.കരടിയാക്രമണങ്ങളിൽ ജനങ്ങൾക്കു ഭീതി വർധിച്ച പശ്ചാത്തലത്തിലാണിത്.
വിഷയം ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം സർക്കാരിന്റെ നേതൃത്വത്തിൽ ഉന്നതലതല യോഗം ചേർന്നിരുന്നു. ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്ന കരടികളെ കൊല്ലാൻ തോക്ക് ലൈസൻസുള്ള നായാട്ടുകാരെ ഇറക്കാമെന്ന ആശയം യോഗത്തിലുണ്ടായി. ഇതിന് പ്രത്യേക ഫണ്ട് മാറ്റിവയ്ക്കും. കരടികളെ വെടിവച്ചു വീഴ്ത്താൻ പോലീസിന് അനുമതി നല്കുന്നതും ആലോചനയിലുണ്ട്.
ഈ വർഷം ജപ്പാനിലുണ്ടായ കരടിയാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സൂപ്പർ മാർക്കറ്റുകളിലും വിദ്യാലയങ്ങളിലും കരടികൾ പ്രവേശിച്ച സംഭവങ്ങളുണ്ടായി.
International
ടോക്കിയോ: ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന് രാജകീയ സ്വീകരണം. ടോക്കിയിലെ ഇംപീരിയൽ പാലസ് സന്ദർശിച്ച ട്രംപ് ജപ്പാനിലെ നരുഹിതോ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു ട്രംപ് ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായി തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് ജപ്പാനുമേൽ ചുമത്തിയിട്ടുള്ള ചുങ്കങ്ങൾ പിൻവലിക്കാനായി അമേരിക്കയിൽ 55,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്നു തകായിച്ചി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ അമേരിക്കൻ സോയാബീൻ, വാതകം, പിക്കപ് ട്രക്കുകൾ തുടങ്ങിയവ ജപ്പാനിലേക്ക് ഇറക്കുമതി ചെയ്ത് ട്രംപിനെ കൂടുതൽ സന്തോഷിപ്പിക്കാനുള്ള തീരുമാനത്തിലാണു തകായിച്ചി.
CAREER DEEPIKA
ജപ്പാനിൽ വർക്ക് വിസ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ജനസംഖ്യാ വർദ്ധനവ് കുറയുന്നതും തൊഴിലാളി ക്ഷാമവും കാരണം വിദേശ തൊഴിലാളികളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ഈ നീക്കം. ഇത് ജപ്പാനിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഐടി, കൺസ്ട്രക്ഷൻ, നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലാളി ക്ഷാമം നേരിടുന്നത്. പുതിയ നിയമങ്ങൾക്കനുസരിച്ച്, ചില സെക്ടറുകളിൽ ജാപ്പനീസ് ഭാഷാ പ്രാവീണ്യമില്ലാതെയും ജോലി നേടാൻ സാധിക്കും. കൂടാതെ, വിദഗ്ദ്ധ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള സാധ്യതകളും വർദ്ധിക്കും.
ജപ്പാനിൽ ജോലി ചെയ്യാനും അവിടെയുള്ള സംസ്കാരം അടുത്തറിയാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ജാപ്പനീസ് എംബസിയുടെ വെബ്സൈറ്റുകളിലും ജപ്പാനിലെ തൊഴിൽ ഏജൻസികൾ വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.