ജപ്പാനിലെ കുമാമോട്ടോയിൽ ഭൂകന്പത്തിൽ തകർന്ന ഷോപ്പിംഗ് മാൾ.
ടോക്കിയോ: തെക്കൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ അതിശക്തമായ ഭൂകന്പം. വ്യാപക നാശനഷ്ടത്തിനു പുറമേ കുറച്ചുപേർ മരിച്ചിരിക്കാമെന്നും സംശയിക്കുന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. റോഡുകളിൽ വലിയ വിള്ളലുണ്ടായി. തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു.
നാശനഷ്ടത്തിന്റെ തോത് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് പ്രധാനമന്ത്രി സനായി തകായിച്ചി അറിയിച്ചു. പരിക്കും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭൂകന്പബാധിത പ്രദേശങ്ങളിലെ മൂന്നു ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ഒരാശുപത്രിയിൽ മാത്രം പരിക്കേറ്റ 50 പേരെ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന അതിവേഗ ട്രെയിനിലും കുറച്ചുപേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഏയിയോൺ എന്നു പേരുള്ള ഷോപ്പിംഗ് മാൾ ഭാഗികമായി തകർന്ന് ധാരാളം പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഭൂകന്പത്തിനു പിന്നാലെ മാളിൽ സ്ഫോടനമുണ്ടായി. എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മറ്റനേകം കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി.
ഒരു പേപ്പർ നിർമാണ ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞ് ഒട്ടേറെപ്പേരെ കാണാതായി. സോണി, ഫ്യൂജിഫിലിം തുടങ്ങിയ വന്പൻ കന്പനികൾ ജീവനക്കാരെ അതിവേഗം ഒഴിപ്പിച്ചു.
ഭൂകന്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. 48,000 വീടുകളിൽ വൈദ്യുതി ഇല്ലാതായി. ദുരന്തനിവാരണത്തിനായി 3600 സൈനികരെ വിന്യസിച്ചതായി പ്രധാനമന്ത്രി തകായിച്ചി അറിയിച്ചു.
Tags : Earthquake Japan widespread damage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash