ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. സൗദി അറേബ്യ, ഇറാൻ, യുഎഇ എന്നിവരുടെ ഭിന്നതകൾ മറികടന്നാണ് ഈ പ്രഖ്യാപനം പാസാക്കിയത്.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പ് നയം അംഗീകരിക്കാനാവില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സുഗമമായ ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം യാഥാർഥ്യഥ്യമാക്കുമെന്നും അറിയിച്ചു.
ഐക്യരാഷ്ട്രസഭ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ പൊളിച്ചെഴുതണമെന്നും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന രാജ്യങ്ങൾക്ക് ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ വോട്ടവകാശം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ച് കാര്യമായ പരാമർശമില്ലെങ്കിലും ആഗോളതലത്തിലുള്ള വിഭാഗീയതയും യുദ്ധങ്ങളും ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റും അബുദാബി കിരീടാവകാശിയും ചർച്ച നടത്തിയതും ശ്രദ്ധേയമായി. ഉച്ചകോടിയിൽ ‘ന്യൂഡൽഹി പ്രഖ്യാപനം 2026' എതിർപ്പില്ലാതെ പാസാക്കി. ബ്രിക്സിന്റെ 20-ാം വാർഷികത്തോട്ടനുബന്ധിച്ച് രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകൾ പ്രധാനമന്ത്രി മോദി പ്രകാശനം ചെയ്തു.
Tags : BRICS West Asian Conflict Discussion Diplomacy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash