വത്തിക്കാൻ സിറ്റി: സുഡാൻ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ തുടരുന്ന അക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ.
അക്രമങ്ങൾ വിതയ്ക്കുന്നവരുടെ മനസിന് മാറ്റമുണ്ടാകണമെന്നും നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെ മാർപാപ്പ ആവശ്യപ്പെട്ടു.
‘യുദ്ധം കൂടുതൽ യുദ്ധങ്ങളെയല്ലാതെ മറ്റൊന്നും സൃഷ്ടിക്കില്ല. അത് അളവറ്റ ദുരിതങ്ങൾക്കു കാരണമാകുന്നു. അക്രമത്തിന്റെ ഈ ദുരന്തചക്രം അവസാനിപ്പിച്ച് സമാധാനത്തിനായി നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും വഴിതുറക്കേണ്ട സമയമാണിത്-മാർപാപ്പ പറഞ്ഞു.
സുഡാനിൽ അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള പരിശ്രമങ്ങൾക്ക് പിന്തുണ നൽകാൻ രാജ്യാന്തരസമൂഹത്തോട് മാർപാപ്പ ആവശ്യപ്പെട്ടു.
യുക്രെയ്നിലും റഷ്യയിലും വർധിച്ചുവരുന്ന സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മാർപാപ്പ, ഇരുവിഭാഗവും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.