പ്രതീകാത്മക ചിത്രം
ബാഗ്ദാദ്: സൗദി അറേബ്യയുടെ എണ്ണ പൈപ്പ്‌ലൈനിനു നേരെ ഇറാഖ് അതിർത്തിയിൽനിന്ന് ഡ്രോൺ ആക്രമണം നടത്തിയ സംഭവത്തിൽ തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ സേനയിൽനിന്ന് പുറത്താക്കി.
ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസാണ് നടപടി ഔദ്യോഗികമായി അറിയിച്ചത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി ഇറാഖ് ഭരണകൂടം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി രാജ്യത്ത് ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേലുള്ള നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാഖിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന അതിർത്തികളും ബസ്രയിൽനിന്നുള്ള വിമാനസർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
സൗദിയുടെ പ്രധാന എണ്ണവിതരണ ശൃംഖലയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. സ്ഫോടനത്തിൽ പൈപ്പ്‌ലൈനിന് സാരമായ കേടുപാടുകൾ സംഭവിച്ചു. റിയാദ്, മദീന എന്നിവടങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിന്‍റെ പ്രവർത്തനം സുരക്ഷ മുൻനിർത്തി സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉറവിടം ഇറാഖാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചിരുന്നു.
ഇറാഖിന്‍റെ മണ്ണിൽനിന്ന് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ എണ്ണ പൈപ്പ്‌ലൈൻ തകർത്ത സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി സർക്കാരിന്‍റെ തീരുമാനം. ഇറാഖിന് സ്വന്തം മണ്ണിലെ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കാൻ സമയം നൽകേണ്ടതുണ്ടെന്നും നയപരമായ ഇടപെടലുകൾ തുടരുമെന്നും സൗദി നേതൃത്വം അറിയിച്ചു.
Tags : DroneAttack SaudiArabia Iraq Commander Deepika DeepikaNewspaper BreakingNews NewsUpdate