പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.
വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്‍റ് പോയി. ഇതോടെ മഹേഷ് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. കറന്‍റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.