തകർന്ന് വീണ കെട്ടിടത്തിന്റെ ഒരു ഭാഗം
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയ്ക്ക് സമീപം പാൽഘറിൽ നാല് നില കെട്ടിടം തകർന്നു വീണു. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ അധികൃതർ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സങ്കേശ്വർ നഗറിലെ റോഷ്ണി അപ്പാർട്ട്മെന്റെ എന്ന കെട്ടിടമാണ് തകർന്നത്. ഏകദേശം 36 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണത്.
ഈ കെട്ടിടത്തിൽ താമസം തുടരുന്നത് അപകടകരമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആഗസ്റ്റ് ആറിന് തന്നെ താമസക്കാരെ ഒഴിപ്പിച്ചു. താമസക്കാർ വീടുകളിൽ ഇല്ലാതിരുന്ന സമയത്താണ് കെട്ടിടം തകർന്ന് വീണത്.
അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയായി സമീപത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളോടും ഒഴിയാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വീടുകൾ ഒഴിഞ്ഞുനൽകേണ്ടി വന്ന കുടുംബങ്ങൾ മറ്റ് താമസ സൗകര്യം ഒരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Tags : Deepika BreakingNews Building Collapse