കൊല്ലപ്പെട്ട അഭിരാം
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥി എം.ഡി.അഭിരാമിന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. അഭിരാമിനെ കണ്ടെത്തുന്നതിൽ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ചാണ് കുടുംബാംഗങ്ങൾ പൊലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച കാണാതായ പാങ്ങപ്പാറ സ്വദേശിയായ പതിനാറുകാരന്റെ മൃതദേഹമാണ് ശ്രീകാര്യത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്താൻ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും ഒരു 19 കാരനെയും പൊലിസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സുഹൃത്തുക്കളെ കാണാനായി അഭിരാം വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏഴിന് പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാത്രിവൈകി വീട്ടിലെത്താതിരുന്നതോടെ കുടുംബം വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഭിരാമിനെ കണ്ടെത്തുന്നതിൽ പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ചാണ് കുടുംബം സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. കുട്ടിയെ കാണാതായതിനു പിന്നാലെ സമയബന്ധിതമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
Tags : Protest M.D.Abhiram Abhiram Sreekaryam Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash