പ്രിയങ്ക തോമാറും സുഹൃത്തും ഹിതേഷ് തോമാറിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ലോണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൾക്കെതിരെ പൊലിസ് കേസെടുത്തു. പ്രിയങ്ക തോമാർ (30) എന്ന യുവതിയാണ് പിതാവ് ഹിതേഷ് തോമാറിന് നേരെ തോക്ക് ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വർഷമായി പ്രിയങ്ക കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് വൈകുന്നേരം അഞ്ചിന് സുഹൃത്തിനൊപ്പം പിതാവിന്റെ വീട്ടിലെത്തിയതാണ് പ്രിയങ്ക. യുവതി അപേക്ഷിച്ച കാർ ലോണിന്റെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട രേഖകൾ നൽകണമെന്ന് ഇവർ ഹിതേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ ലോൺ വെരിഫിക്കേഷന് ചെയ്യാൻ പിതാവ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ പ്രിയങ്ക പിതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ സഹോദരന്റെ ഭാര്യയുമായും യുവതി സംഘർഷത്തിലേർപ്പെട്ടു. തുടർന്ന് അയൽക്കാർ എത്തിയതോടെ പ്രിയങ്കയും സുഹൃത്തും അവിടെ നിന്ന് മടങ്ങിപ്പോയി.
അരമണിക്കുറിന് ശേഷം പ്രിയങ്കയും സുഹൃത്തും വീണ്ടും തിരിച്ചെത്തുകയും പ്രധാന ഗേറ്റ് തകർത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് പിതാവിന്റെയും സഹോദരന്റെ ഭാര്യയുടെയും നേരെ തോക്ക് ചൂണ്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടൻ തന്നെ ഇരുവരും വീടിന്റെ ഒന്നാം നിലയിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് പ്രതികൾ സ്ഥലത്തുനിന്ന് പോയത്.
പിതാവ് ഹിതേഷ് തോമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് പ്രിയങ്ക തോമറിനും സുഹൃത്തിനുമെതിരെ കേസെടുത്തു. പ്രതികളെ കണ്ടെത്താനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു.
Tags : Deepika BreakingNews CarLoan Gun