തിരുവനന്തപുരം: വനത്തെയും വന്യജീവികളെയും സംരക്ഷിക്കാനിറങ്ങി സംസ്ഥാനത്ത് കാടിനുള്ളില്‍ ജീവന് വെടിഞ്ഞത് 38 വനപാലകര്‍. വനരക്തസാക്ഷിദിനത്തിന്റെ ഭാഗമായി രക്തസാക്ഷികളുടെ പട്ടിക വനംവകുപ്പ് പുറത്തുവിട്ടു. വനസംരക്ഷണത്തിനിടയിലും വന്യജീവി ആക്രമണങ്ങളിലും കാട്ടുതീ അണയ്ക്കുന്നതിനിടയിലുമാണ് മരണങ്ങളേറെയും. ജീവന് വെടിഞ്ഞ ധീരരായ ജീവനക്കാരെ ആദരിക്കുന്നതിനായാണ് വനംവകുപ്പ് പട്ടിക തയാറാക്കിയത്. എല്ലാവര്‍ഷവും ഈ മാസം 11 ആണ് വനരക്തസാക്ഷിദിനമായി വനംവകുപ്പ് ആചരിക്കുന്നത്.
1969ല്‍ കരുളായി റേഞ്ചില്‍ പാട്ടകരിമ്പ് എന്ന സ്ഥലത്ത് സമന്‍സ് നടപ്പാക്കാനെത്തിയപ്പോള്‍ പ്രതിയുടെ കുത്തേറ്റ് മരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടി.കെ. കൃഷ്ണന്‍കുട്ടിയാണ് ആദ്യത്തെ വനരക്തസാക്ഷി. 2025ല്‍ കടുവ കണക്കെടുപ്പുമായി ബന്ധപ്പെട്ടു ഡാറ്റാ ശേഖരണഡ്യൂട്ടിക്കിടെ അരളിക്കോണം കിണ്ണക്കര മലവാരത്തിലെ മുള്ളി ഭാഗത്തെ ഗുണ്ടുക്കല് വനത്തിനകത്ത് കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട മണ്ണാര്‍കാട് സൈലന്റ് വാലി റേഞ്ച് പുത്തൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആര്. കാളിമുത്തുവാണ് അവസാനത്തെ രക്തസാക്ഷി.
കാട്ടാന ആക്രമണത്തില്‍ 10 പേരും പ്രതികളുടെ ആക്രമണത്തില്‍ ഏഴു പേരും കാട്ടുതീയില്‍ രണ്ടു പേരും പാമ്പ് കടിയേറ്റ് ഒരാളും ഡ്യൂട്ടിക്കിടയില്‍ അപകടത്തില്‍പ്പെട്ട് നാലുപേരും മരണപ്പെട്ടിട്ടുണ്ട്.
അട്ടപ്പാടി ചെമ്മണ്ണൂരില്‍ ഡ്യൂട്ടിക്കിടില് ജീപ്പ് ഭവാനി പുഴയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷര്‍മിള ജയറാം മരിച്ചതു 2020ലാണ്. 1998ല്‍ തേക്കടി മേഖലയില്‍ കഞ്ചാവ് റെയ്ഡിനിടെ പ്രതികള്‍ തലവെട്ടിയേടുത്തു കൊലപ്പെടുത്തിയത് തേക്കടി വൈല്‍ഡ് ലൈഫ് സര്‍ക്കളിലെ വാച്ചറായ ടി. അയ്യാവിനെയാണ്. 1986ല്‍ ചുങ്കത്തറ നെല്ലിക്കുത്ത് മരംകൊള്ള തടയുന്നതിനിടയില്‍ കൊള്ളക്കാര്‍ തടി തലയിലേക്ക് തള്ളിയിട്ടാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒ.ജെ. സെബാസ്റ്റ്യനെ കൊലപ്പെടുത്തിയത്.
1987ല്‍ അതിരപ്പള്ളിയില്‍ വനം കുറ്റവാളികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ കൃഷ്ണന്നാടാറിനെയാണ്. 2007ല്‍ ചാലക്കുടി പരിയാരത്ത് പ്രതികളെ കൊണ്ടു പോകുന്നതിനിടയില്‍ പ്രതികള്‍ ആക്രമിച്ചതിനെതുടര്ന്നു ജീപ്പ് മറിഞ്ഞു മറയൂര്‍ സാന്ഡല് ഡിവിഷനിലെ വാച്ചര്‍ കെ. ചെല്ലപ്പനും കൊല്ലപ്പെട്ടു. ചിന്നാര്‍ റേഞ്ചില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ പ്രതികള്‍ കുത്തി കൊലപ്പെടുത്തിയതും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
Tags : Forest Department Killed 38 Forest Guards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash