ഗിസയിലെ ഗ്രേറ്റ് പിരമിഡ്.
ലോകത്തിലെ വിസ്മയ നിർമിതികളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡുമായി ബന്ധപ്പെട്ട് അദ്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ടുമായി സ്വതന്ത്ര ഗവേഷകൻ സെഫി ലെവി. സോഷ്യൽ സയൻസ് റിസെർച്ച് നെറ്റ്വർക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് ലെവി പ്രസിദ്ധീകരിച്ചത്.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വിവിധ ഗ്രഹങ്ങളുടെയും ചലനങ്ങളുമായി ബന്ധപ്പെട്ട ഗണിത രഹസ്യങ്ങൾ പിരമിഡിന്റെ അളവുകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സ്വതന്ത്ര ഗവേഷകനായ സെഫി ലെവിയുടെ അവകാശവാദം. പിരമിഡിന്റെ ഉയരം, അടിത്തറയുടെ വിസ്തൃതി, ചരിഞ്ഞ വശങ്ങളുടെ അളവുകൾ തുടങ്ങിയവയെ പുരാതന ഈജിപ്ഷ്യൻ ഗണിതരീതികൾ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോഴാണു വിസ്മയിപ്പിക്കുന്ന ചില 'ന്യൂമെറിക്കൽ പാറ്റേൺ' കണ്ടെത്തിയതെന്ന് ലെവി വിശദമാക്കുന്നു.
ഈ അളവുകളിൽനിന്നു ലഭിച്ച ചില സംഖ്യകൾക്കു പ്രപഞ്ചത്തിലെ 'അസ്ട്രോണമിക്കൽ സൈക്കി'ളുമായി സാമ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേക കണക്കുകൂട്ടലിലൂടെ ലഭിച്ച 27.5 എന്ന സംഖ്യ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അവസ്ഥയായ 'ലൂണാർ പെരിജി' തമ്മിലുള്ള 27.55 ദിവസങ്ങളുടെ ഇടവേളയെ സൂചിപ്പിക്കുന്നതാണെന്നു ലെവി വാദിക്കുന്നു.

മറ്റൊരു കണക്കുകൂട്ടലിലൂടെ ലഭിച്ച 70 എന്ന സംഖ്യ, സൂര്യന്റെ തീക്ഷ്ണമായ വെളിച്ചം കാരണം 'സിറിയസ്' എന്ന നക്ഷത്രം ആകാശത്തു ദൃശ്യമാകാതിരിക്കുന്ന ഏകദേശം 70 ദിവസത്തെ കാലയളവുമായി ചേർന്നുപോകുന്നതാണ്. കൂടാതെ വ്യാഴം, ശനി, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരപാതകളും പൈ, ഗോൾഡൻ റേഷ്യോ തുടങ്ങിയ ഗണിതശാസ്ത്ര കോൺസ്റ്റൻസും ഈ അളവുകളിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഗണിത പാറ്റേണുകൾ വെറുമൊരു ആകസ്മികത മാത്രമാണോ എന്നു പരിശോധിക്കാൻ ലെവി ഒരു ലക്ഷം കംപ്യൂട്ടർ നിർമിത പിരമിഡ് മാതൃകകളുമായി മഹത്തായ പിരമിഡിന്റെ അളവുകൾ താരതമ്യം ചെയ്തു. ഇതിൽ വെറും 2.4 ശതമാനം മാതൃകകളിൽ മാത്രമാണു സമാനമായ ജ്യോതിശാസ്ത്ര പാറ്റേണുകൾ കാണാൻ കഴിഞ്ഞത്. അതിനാൽ, പുരാതന ഈജിപ്തുകാർ തങ്ങളുടെ ഗണിത-ജ്യോതിശാസ്ത്ര വിജ്ഞാനം ഭാവി തലമുറയ്ക്കായി ശാശ്വതമായി രേഖപ്പെടുത്തി വയ്ക്കാൻ ബോധപൂർവം ഈ വിധത്തിൽ പിരമിഡ് രൂപകൽപന ചെയ്തതാകാം എന്നാണു ഗവേഷകന്റെ നിഗമനം. പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പരാമർശങ്ങളിലെ 'ബെൻബെൻ' എന്ന ആദിമ കുന്ന് സങ്കൽപവുമായും ഇതിനു ബന്ധമുണ്ടായേക്കാമെന്നും ലെവി പറയുന്നു.
ഏകദേശം 4,500 വർഷങ്ങൾക്കു മുമ്പ് ഖുഫു ഫറവോയുടെ ഭരണകാലത്തു നിർമിക്കപ്പെട്ട ഈ പിരമിഡ് ശവകുടീര സമുച്ചയത്തിന്റെ ഭാഗമായാണു പാരമ്പര്യമായി വിലയിരുത്തപ്പെടുന്നത്. ലെവിയുടെ പുതിയ കണ്ടെത്തലുകൾ വിദഗ്ധമായി പരിശോധിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, മുഖ്യധാര ജ്യോതിശാസ്ത്രജ്ഞരും പുരാതന ഈജിപ്റ്റിനെക്കുറിച്ചു പഠിക്കുന്ന പുരാവസ്തുഗവേഷകരും ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിട്ടുമില്ല. വിഷയത്തിൽ തുടർ പഠനങ്ങളുമായി മുന്നോട്ടുപോകുകയാണു ലെവി.
Tags : InternationalNews History Archeology PharaohKhufu GreatPyramidofGiza LunarPerigee Sirius Benben SefyLevy