ശ്രീധർ വെമ്പു
ചെന്നൈ: ഇന്ത്യൻ ഐടി കമ്പനിയായ സോഹോയുടെ സഹസ്ഥാപകൻ ശ്രീധർ വെമ്പുവിന് ജപ്പാൻ വെറുമൊരു ബിസിനസ് വിപണി മാത്രമല്ല. തങ്ങളുടെ ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിലും സോഹോയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ജപ്പാൻ സംസ്കാരമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ജപ്പാനിലെ സോഹോയുടെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ കമ്പനികൾക്ക് ജപ്പാനിൽ നിന്ന് പഠിക്കാൻ ഒട്ടനവധി കാര്യങ്ങളുണ്ടെന്ന് ശ്രീധർ വെമ്പു ഓർമിപ്പിക്കുന്നു. പരസ്യങ്ങളിലൂടെയോ ബ്രാൻഡ് മൂല്യം കൊണ്ടോ മാത്രം ജപ്പാനിൽ വിജയിക്കാൻ കഴിയില്ല. ഉപയോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഉത്പന്നങ്ങളുടെ ഗുണനിലവാരം തെളിയിക്കുക എന്നിവയാണ് അവിടെ പ്രധാനം.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറത്ത് 2001ൽ സോഹോ തങ്ങളുടെ ആദ്യ വിദേശ ഓഫീസ് തുറന്നത് ജപ്പാനിലായിരുന്നു. അന്ന് ചെന്നൈയിൽ നിന്നുള്ള ആർക്കും അറിയാത്ത ഒരു ചെറിയ സോഫ്റ്റ്വെയർ കമ്പനിയായിരുന്നു സോഹോ. ലോകത്തിലെ ഏറ്റവും കഠിനമേറിയ ഒരു വിപണിയാണ് തങ്ങൾ ആദ്യമേ തെരഞ്ഞെടുത്തതെന്ന് ജപ്പാനിലെ യോകോഹാമ ഓഫീസ് സന്ദർശിച്ച ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.
"വെറുമൊരു പരസ്യം കണ്ടോ ബ്രാൻഡ് നോക്കിയോ ജപ്പാനിൽ ആരും ഉത്പന്നങ്ങൾ വാങ്ങില്ല. ബിസിനസിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നാണ് അവർ നോക്കുന്നത്. ആ പരീക്ഷപ്പടിയെ നമ്മൾ മറികടന്നാൽ, പതിറ്റാണ്ടുകളോളം അവർ നമുക്കൊപ്പം നിൽക്കും," ശ്രീധർ വെമ്പു കുറിച്ചു.
പെട്ടെന്നുള്ള ലാഭത്തിന് പിന്നാലെ പോകാതെ, ഉത്പന്നങ്ങളുടെ എൻജിനീയറിങ് മികവിനും ഉപയോക്തൃ സേവനത്തിനും മുൻഗണന നൽകുന്ന സോഹോയുടെ രീതിക്ക് പിന്നിൽ ജപ്പാനിൽ നിന്ന് പഠിച്ച ഈ പാഠങ്ങളാണ്. ജപ്പാൻ ജനതയുടെ ക്ഷമയും അച്ചടക്കവും സോഹോയുടെ ഡിഎൻഎയുടെ ഭാഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാപ്പനീസ് ഭാഷയിൽ 'നന്ദി' പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ജാപ്പനീസ് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ പിടിക്കാനായി തന്റെ സിഗ്നേച്ചർ വേഷമായ വെള്ള വേഷ്ടി ധരിച്ച് ശ്രീധർ വെമ്പു ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ജപ്പാന്റെ കൃത്യനിഷ്ഠയെക്കുറിച്ചുള്ള തമാശകളോടെയാണ് ആളുകൾ അത് ഏറ്റെടുത്തത്. എന്നാൽ ഈ യാത്രയ്ക്ക് പിന്നിൽ ബിസിനസിനപ്പുറം വലിയൊരു ആത്മബന്ധത്തിന്റെ കഥയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ കുറിപ്പ് തെളിയിക്കുന്നത്.
Tags : technology sredharvembu zoho japan chennai