ലോങ് മാർച്ച് 10ബി
ബീജിംഗ്: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി ചൈന. തങ്ങളുടെ അത്യാധുനിക 'ലോങ് മാർച്ച് 10B' (Long March 10B) റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിൽ തന്നെ, അതിന്റെ ഒന്നാം ഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ചാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ബൂസ്റ്ററുകൾ വിജയകരമായി തിരിച്ചുപിടിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന, അമേരിക്കയ്ക്ക് ശേഷമുള്ള രണ്ടാമത്തെ രാജ്യമായി ചൈന മാറി.
ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അമേരിക്കൻ ബഹിരാകാശ കമ്പനികളായ സ്പേസ് എക്സ് , ബ്ലൂ ഒറിജിൻ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ചൈന ഇതിനായി പരീക്ഷിച്ചത്.
അമേരിക്കൻ ബൂസ്റ്ററുകൾ ലാൻഡിംഗ് പാഡുകളിലോ ഡ്രോൺ കപ്പലുകളിലോ വന്നിറങ്ങുമ്പോൾ, ചൈന കടലിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമിലെ 'വലയും ഹുക്കും' ഉപയോഗിച്ചാണ് ബൂസ്റ്റർ പിടിച്ചെടുത്തത്. റോക്കറ്റിലെ ലാൻഡിംഗ് ഹുക്കുകൾ പ്ലാറ്റ്ഫോമിന് മുകളിൽ കെട്ടിയിരുന്ന വലയിൽ കുടുക്കിയായിരുന്നു ഈ അപൂർവ വീണ്ടെടുപ്പ്.
ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള വെൻചാങ് സ്പേസ് ലോഞ്ച് സൈറ്റാണ് വിക്ഷേപണ കേന്ദ്രം. 70 മീറ്റർ ഉയരവും 5 മീറ്റർ വ്യാസവുമുള്ള മീഡിയം ലിഫ്റ്റ് റോക്കറ്റിന് ലിക്വിഡ് ഓക്സിജനും മണ്ണെണ്ണയും ഇന്ധനമാക്കുന്ന ഏഴ് വൈഎഫ്- 100കെ (YF-100K) എഞ്ചിനുകളാണ് ഒന്നാം ഘട്ടത്തിന് കരുത്തേകുന്നത്.
വിക്ഷേപണം നടന്ന് ഏകദേശം ആറ് മിനിറ്റുകൾക്ക് ശേഷം റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെടുകയും, തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയന്ത്രിതമായി താഴേക്ക് പതിച്ച് കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച വലയിലേക്ക് ലാൻഡ് ചെയ്യുകയുമായിരുന്നു.
റോക്കറ്റുകൾ ഓരോ തവണയും ഉപേക്ഷിക്കുന്നതിന് പകരം അവയുടെ ബൂസ്റ്ററുകൾ തിരിച്ചുപിടിച്ച് വീണ്ടും ഉപയോഗിക്കുന്നത് ബഹിരാകാശ യാത്രകളുടെ ചെലവ് വൻതോതിൽ കുറയ്ക്കും. നിലവിൽ സ്പേസ് എക്സ് തങ്ങളുടെ ഫാൽക്കൺ 9 റോക്കറ്റുകൾ ഇത്തരത്തിൽ വർഷത്തിൽ 150 തവണയോളം പുനരുപയോഗിക്കുന്നുണ്ട്.
Tags : longmarch10b china orbitalrocket boosterrecovery