ഗൂഗിൾ പിക്സൽ 11
ന്യൂയോർക്ക്: സ്മാർട്ട്ഫോൺ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ അടുത്ത തലമുറ പിക്സൽ ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് ന്യൂയോർക്ക് നഗരത്തിൽ വെച്ച് നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിൾ' പരിപാടിയിൽ വെച്ചായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്തുകൾ ഗൂഗിൾ മാധ്യമങ്ങൾക്കും മറ്റ് പങ്കാളികൾക്കും അയച്ചുതുടങ്ങി.
ഇത്തവണത്തെ പരിപാടിയിൽ നാല് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ് എൽ , പിക്സൽ 11 പ്രോ ഫോൾഡ് . സ്മാർട്ട്ഫോണുകൾക്ക് പുറമെ ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ പിക്സൽ വാച്ച് 5 ഈ ചടങ്ങിൽ അരങ്ങേറും.
ലോഞ്ച് ചടങ്ങിന് പിന്നാലെ തന്നെ ഫോണുകളുടെ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഫോൾഡബിൾ മോഡലായ പ്രോ ഫോൾഡ് ഉപഭോക്താക്കളുടെ കൈകളിൽ എത്താൻ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ വരെ സമയമെടുത്തേക്കാം.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ പിക്സൽ ഫോണുകൾക്ക് കഴിഞ്ഞ വർഷത്തെ മോഡലുകളേക്കാൾ ഏകദേശം 100 ഡോളർ (ഏകദേശം 8,000 രൂപയിലധികം) വരെ വിലക്കൂടുതൽ ഉണ്ടായേക്കും. കൂടാതെ, ഗൂഗിൾ അയച്ച ക്ഷണക്കത്തിൽ കാണിച്ചിരിക്കുന്ന ആകർഷകമായ കോപ്പർ ബ്രോൺസ് ഷെയ്ഡ്, ഫോണുകളുടെ പുതിയൊരു കളർ ഓപ്ഷനെ സൂചിപ്പിക്കുന്നതാണോ അതോ വെറുമൊരു ഡിസൈൻ ഭംഗി മാത്രമാണോ എന്നറിയാനുള്ള ആകാംഷയിലാണ് ടെക് ലോകം.
Tags : tech googlepixel pixel11 madebygoogle smartphone