പ്രതീകാത്മക ചിത്രം
സാംസങ് കഴിഞ്ഞ മാസം അവതരിപ്പിച്ച ഏറ്റവും പുതിയ ട്രാക്കിംഗ് ഉപകരണമായ 'ഗാലക്സി സ്മാർട്ട് ടാഗ് 3' ഇന്ത്യയിൽ എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായി. ഇന്ത്യയിലെ സാംസങ്ങിന്റെ ടാബ്ലെറ്റ്, നോട്ട് പിസി, വെയറബിൾ വിഭാഗം മേധാവി ഡെയ്ൽ കിം ആണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്.
2027 ജനുവരി മാസത്തിൽ ഗാലക്സി സ്മാർട്ട് ടാഗ് 3 ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കൃത്യമായ വില വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. താക്കോലുകൾ, വാലറ്റുകൾ, വളർത്തുമൃഗങ്ങൾ, ലഗേജുകൾ തുടങ്ങിയവ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ ഈ ഉപകരണം സഹായിക്കും.
മുൻ മോഡലായ സ്മാർട്ട് ടാഗ് 2-നെ അപേക്ഷിച്ച് മികച്ച അപ്ഗ്രേഡുകളോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ 'ഗാലക്സി ഫൈൻഡ് നെറ്റ്വർക്ക്', 'സ്മാർട്ട് തിംഗ്സ് ഫൈൻഡ്' ആപ്പ് എന്നിവയ്ക്കൊപ്പം പ്രവർത്തിക്കുന്നതിന് പുറമെ, ഐഫോൺ മോഡലുകളിലും ഈ ഉപകരണം പിന്തുണയ്ക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
സാധാരണ ഉപയോഗത്തിൽ 550 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന ഈ ഉപകരണം, 'പവർ സേവിംഗ് മോഡ്' ഓൺ ചെയ്താൽ 790 ദിവസം വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് 6.0, അൾട്രാ-വൈഡ്ബാൻഡ്, ഐപി67 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
ദക്ഷിണ കൊറിയയിൽ ഈ മാസം 7ന് വിൽപ്പന ആരംഭിച്ച ഈ ഉപകരണത്തിന് സിംഗിൾ ടാഗിന് ഏകദേശം 3,000 രൂപയാണ് വില വരുന്നത്. അമേരിക്കയിൽ ഇതിന് ഏകദേശം 2,000 രൂപയും (29.99 ഡോളർ), നാലെണ്ണം അടങ്ങുന്ന ബണ്ടിലിന് 9,000 രൂപയോളവുമാണ് (99.9 ഡോളർ) വില. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലാണ് ഇത് ലഭ്യമാകുന്നത്.
Tags : technology samsung galaxy smarttag3 launch india